ആൾക്കൂട്ട അക്രമത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് മരിച്ച സംഭവം ചർച്ചകളുയർത്തുമ്പോൾ കണ്ണൂർ പരിയാരത്ത് സമാനമായ രീതിയിൽ യുവാവ് മരിച്ചിട്ട് ഒരു വർഷം കഴിയുന്നു. കേസിൽ ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല.
2017 ജനുവരയിലാണ് സംഭവം. ശരീരമാകെ മർദ്ദനമേറ്റ് കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് ബക്കളം സ്വദേശി അബ്ദുൾ ഖാദറിന്‍റെ മൃതദേഹം കണ്ടെത്തിയത്. 45 ഓളം മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇടതു കയ്യും വലതു കാലും ഒടിഞ്ഞു മടങ്ങിയിരുന്നു. നാട്ടുകാരായ ചിലരുടെ വാഹനങ്ങൾ തകർക്കുകയും ഫോണ്‍ ചെയ്ത് കബളിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഖാദറിനെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ ഏറെ നേരം വഴിയിൽ കിടന്ന ഖാദറിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. പൊലീസെത്തുന്പോഴേക്കും ഇയാൾ മരിച്ചു. നാട്ടുകാരായ 7 പേരാണ് കേസിലെ പ്രതികൾ ഇതിൽ 2 പേ ഇപ്പോൾ വിദേശത്താണ്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നുമാണ് പൊലീസ് പറയുന്നത്. സാക്ഷികൾ കൂറു മാറുന്നതാണ് ഇത്തരം ആൾക്കൂട്ട ആക്രമവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ നേരിടുന്ന പ്രധാന തിരിച്ചടി, ഈ കേസിലും അത്തരമൊരു സാധ്യതയെ പൊലീസ് തള്ളിക്കളയുന്നില്ല>
