ദില്ലി: നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും തുടങ്ങും. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണെന്ന് പ്രതീപക്ഷത്തിന്റെ തീരുമാനം. അതേസമയം, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണം ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കും. മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മന്ത്രി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ഇന്നലെ ഊര്‍ജ്ജമന്ത്രാലയം വിശദീകരണം നല്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്നും ചര്‍ച്ച നടക്കാനുള്ള സാധ്യത ഇതോടെ മങ്ങി. കോണ്‍ഗ്രസും ബി ജെ പിയും എംപിമാര്‍ക്ക് സഭയിലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും സഭയിലുണ്ടാകുമെന്നും പ്രതിപക്ഷം അനുവദിച്ചാല്‍ സംസാരിക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.