പട്‌ന: 389 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഡാം ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തകര്‍ന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച ഡാം തകര്‍ന്ന് ബീഹാറിലെ ഭഗല്‍പൂര്‍ ഗ്രാമം വെള്ളത്താല്‍ മുങ്ങി. ഡാം ഒരു ഭാഗം തകര്‍ന്നതോടെ നാല്‍പത് വര്‍ഷമായി കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടനം താല്‍ക്കാലികമായി ഉപേക്ഷിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജലസേചന മന്ത്രി രാജീവ് സിങ് ലല്ലന്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ഉദ്ഘാടന പരിപാടികളായിരുന്നു ബുധനാഴ്ച വൈകുന്നേരം നടക്കാനിരുന്നത്. നാല്‍പത് വര്‍ഷമായി നിര്‍മാണം തുടരുന്ന ഗംഗ കനാല്‍ പ്രൊജക്ടിന്റെ ഭാഗമായ ഡാമാണ് ബുധനാഴ്ച രാവിലെയോടെ തര്‍കര്‍ന്നത്. 1977 ല്‍ 14 കോടി ബഡ്ജറ്റ് കണക്കാക്കി നിര്‍മാണം തുടങ്ങിയതാണ് ഈ ഡാം.
ബീഹാറിലേക്കും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലേക്കും ജലസേചനം നടത്താനായി നിര്‍മിച്ച ഡാമാണ് പരീക്ഷണം പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ തന്നെ തകര്‍ന്നത്. പ്രദേശത്ത് നിന്ന് വെള്ളം ദിശമാറ്റി വിടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ജനവാസകേന്ദ്രമായ മൂന്നു കിലോമീറ്ററോളം വെള്ളം കയറിയിട്ടുണ്ട്.
സംഭവത്തെ രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷം അപലപിച്ചു. അഴിമതിയുടെ ഇരയായി ഒരു സംരഭം കൂടി തകര്‍ന്നു എന്ന് നിരവധിപേര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നതായി ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

