ജയലളിത ഇനിയും ഏറെക്കാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന ആവശ്യം പാര്‍ട്ടി വൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്. മൂന്ന് പേരുകളാണ് പ്രധാനമായും എ.ഐ.എ.ഡി.എം.കെയ്‌ക്ക് മുന്നിലുള്ളത്. ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ തമ്പിദുരൈ, ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വം, പൊതുമരാമത്ത് മന്ത്രി എടപ്പടി കെ. പളനിസാമി എന്നിവരാണ്. ജയലളിതയ്‌ക്ക് രണ്ട് തവണ അധികാരം നഷ്‌ടമായപ്പോള്‍ വിശ്വസ്തനായ പകരക്കാരനായിരുന്നു തേവര്‍ സമുദായക്കാരനായ പനീര്‍ശെല്‍വം. 1996ലും 2006ലും കൂട്ടത്തോടെ നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായപ്പോള്‍ അമ്മയുടെ കൂടെ നിന്ന ഉറച്ച അണിയായിരുന്നു കൊങ്ങുമേഖലയുടെ നേതാവായാ തമ്പിദുരൈ. പ്രഗത്ഭനായ മന്ത്രിയായി ജയലളിതയുടെ വിശ്വാസം നേടിയ ആളാണ് എടപ്പടി കെ പളനിസാമി. 

എന്നാല്‍ ജാതി പ്രധാനഘടകമായ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ ഇപ്പോഴേ ജയലളിതയുടെ പകരക്കാരനെ നിയമിച്ച് പ്രതിസന്ധി സൃഷ്‌ടിക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുങ്ങിയേക്കില്ലെന്നാണ് സൂചന. പകരം ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പ്രധാനവകുപ്പുകളുടെ ചുമതല മറ്റുള്ളവര്‍ക്ക് കൈമാറും. ഇതിനിടെ ജയലളിതയെ സന്ദര്‍ശിയ്‌ക്കാന്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കോണ്‍ഗ്രസിന്റെയും സോണിയാഗാന്ധിയുടെയും പിന്തുണ അറിയിക്കാനാണ് താന്‍ നേരിട്ട് വന്നതെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി കൈകോര്‍ത്ത കോണ്‍ഗ്രസിന്‍റെ ഉപാദ്ധ്യക്ഷന്‍ എ.ഐ.എ.ഡി.എം.കെയുടെ പരമോന്നത നേതാവിനെ കാണാനെത്തിയത് രാഷ്‌ട്രീയവൃത്തങ്ങളില്‍ പല ചര്‍ച്ചകള്‍ക്കും വഴി വെയ്‌ക്കുന്നുണ്ട്.