ബഹുജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും എല്ലാം സമരം പ്രഖ്യാപിച്ച് കഴിഞു. ഇനിയില്ലെങ്കിൽ എന്ന് എന്നാണ് അവരുടെ ചോദ്യം.

കാസർ​ഗോഡ്: റയിൽവേ അവഗണനയ്ക്കെതിരായ ശക്തമായ സമരത്തിലാണ് കാസർഗോട്ടെ സാധാരണക്കാരും ജനപ്രതിനിധികളും. നേരത്തെയുള്ള അഞ്ച് ട്രയിനുകൾക്ക് പുറമെ പുതുതായി അനുവധിച്ച അന്ത്യോദയ എക്സ്പ്രസിനും ജില്ലയിൽ സ്റ്റോപ്പ് ഇല്ലാതായതോടെയാണ് പ്രതിഷേധം കനത്തത്.

കാസർഗോഡ് ജില്ലയിലൂടെ കടന്ന് പോകുന്ന ട്രയിനുകൾ തങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്നാണ് ജനങ്ങളുടെ പ്രധാന പരാതി. വർഷങ്ങൾ പഴക്കമുണ്ട് ഈ ആക്ഷേപങ്ങൾക്ക്. പരാതികളും പ്രതിഷേധങ്ങളും ഒരുപാട് ഉന്നയിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനഘട്ട സമരത്തിനാണ് ഇപ്പോൾ ജില്ല ഒരുങ്ങുന്നത്. അവസാനം അനുവദിച്ച അന്ത്യോദയ ട്രയിനും ജില്ലയിൽ നിർത്തില്ലെന്നറിഞ്ഞതോടയാണ് പ്രതിഷേധം കനത്തത്. 

ട്രയിൻ പ്രഖ്യാപിക്കുമ്പോൾ കാസർഗോഡും സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ സർവീസ് തുടങ്ങിയതോടെ കാര്യങ്ങൾമാറി. ഈ ട്രയിനിന് എങ്ങനെയും കാസർ​ഗോഡ് സ്റ്റോപ്പ് ലഭിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ കാസർഗോട്ടെ ജനത. പാവങ്ങളുടെ ദീർഘദൂരവണ്ടിയായാണ് അന്ത്യോദയ എത്തിയത്. കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങളോടെ യാത്ര എന്നതാണ് ആകർഷണം. ഈ അവഗണന അനുവദിച്ച് കൊടുത്താൽ നേരത്തെ നഷ്ടപ്പെട്ട അഞ്ചു വണ്ടികൾക്കൊപ്പം ആറാമതൊന്ന് കൂടും എന്ന തിരിച്ചറിവാണ് പ്രതിഷേധം ശക്തമാവാൻ കാരണം.

മംഗളൂരു നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമായി ആഴ്ചയിൽ നാലു ദിവസമാണ് അന്ത്യോദയ ഓടുന്നത്. രാത്രി 9.25 ന് കൊച്ചു വേളിയിൽ നിന്നും പുറപ്പെടുന്ന ട്രയിൻ രാവിലെ 9.15 ന് മംഗളൂരുവിലെത്തും. ഏഴുമണിക്കാണ് കാസർഗോടെത്തുക തിരിച്ച് രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന ട്രയിൻ രാവിലെ 8.15 ന് കൊച്ചു വേളിയിലെത്തും. കാസർഗോട് നിന്നും തലസ്ഥാന നഗരിയിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഇൗ ട്രെയിൻ വരുന്നതോടെ മലബാറിലും മാവേലിയിലും തിരക്കും കുറയും.

കണ്ണൂരിൽ നിന്നും സർവീസ് അവസാനിക്കുന്ന മംഗളൂരുവിലേക്ക് മൂന്ന് മണിക്കൂറാണ് അന്ത്യോദയയ്ക്ക് അനുവദിച്ച റണ്ണിംഗ് സമയം. ഇതിലും നേരത്തെ ട്രെയിനെത്തും. പകൽ മുഴുവൻ മംഗളൂരിൽ നിർത്തിയിടുകയും ചയ്യും. കാസർഗഡടക്കം നിരവധി സ്റ്റോപ്പുകളിൽ നിർത്തിയാൽ പോലും സമയത്തെ ബാധിക്കില്ല. ഇനി മറ്റു റൂട്ടുകളിൽ ഓടുന്ന അന്ത്യോദയ ട്രയിനുകളുടെ സ്റ്റോപ്പുകളെ കുറിച്ച് കൂടി അറിഞ്ഞാലെ അവഗണനയുടെ വ്യാപ്തി മനസിലാകൂ. കേരളത്തിൽ 614 കിലോമീറ്ററിനിടെ എട്ട് സ്റ്റോപ്പുകളാണുള്ളത്. അതേസമയം താംബരം- തിരുനെൽ വേലി അന്ത്യോദയക്ക് 690 കിലോമീറ്റിനിടെ 11 സ്റ്റോപ്പുണ്ട്. സാന്ദ്രാച്ചി ചെന്നൈ റൂട്ടിൽ 27 ഇടത്ത് ട്രയിൻ നിർത്തും.

ആദർശ് സ്റ്റേഷനാണ് കാസർഗോഡ് റയിൽവേ സ്റ്റേഷൻ. പക്ഷെ അതിനാവശ്യമായ സൗകര്യങ്ങളോ സേവനങ്ങളോ ഇവിടെ പ്രതീക്ഷിക്കരുത്. ചോരുന്ന മേൽക്കൂര, അതും പൂർണ്ണമല്ല്. ക്ലോക്ക് റൂം സൗകര്യമില്ല. രണ്ട് പ്ലാറ്റ്ഫോമുകൾ മാത്രം. കടന്ന് പോകുന്ന ട്രയിനുകളിൽ അധികവും ഉപകാരപ്പെടില്ല. തിരുവനന്തപുരത്തേക്ക് എട്ടുമണിക്കുള്ള ഏറനാട് പോയാൽ അടുത്ത ട്രയിനിന് ഏഴര മണിക്കൂർ കാത്തിരിക്കണം. വീണ്ടും മൂന്ന് മണിക്കൂർ വേണം മാവേലിയെത്താൻ. 

കണ്ണൂർ വരെ സർവീസ് നടത്തുന്ന ഇന്റർസിറ്റി ,എക്ലിക്യൂട്ടീവ് ശതാബ്ദി ട്രെയിനുകൾ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യം ഇതുവരേയും പരിഗണിച്ചില്ല. പ്രതിഷേധങ്ങൾ വകവയ്ക്കാതെ ഇനിയും അന്ത്യോദയയും മറ്റു ട്രയിനുകളും ചൂളം വിളിച്ച് പായുമ്പോൾ റെ‍‍ഡ് സിഗ്നൽ കാണിക്കാനുറച്ച് തന്നെയാണ് കാസർഗോട്ടെ ജനത. ബഹുജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും എല്ലാം സമരം പ്രഖ്യാപിച്ച് കഴിഞു. ഇനിയില്ലെങ്കിൽ എന്ന് എന്നാണ് അവരുടെ ചോദ്യം.