ലോകകപ്പിനിടെ പ്രചരിച്ച അഭ്യൂഹങ്ങള്‍ സത്യമായി

മോസ്കോ: ലോകകപ്പിന്‍റെ ആരവങ്ങള്‍ക്ക് ശേഷം ക്ലബ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമാകുമ്പോള്‍ പല താരങ്ങളും മറ്റു ടീമുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം ജെയിംസ് റോഡിഗ്രസ് റയലില്‍ എത്തിയത് തന്നെ ഉദാഹരണം. റഷ്യന്‍ ലോകകപ്പ് സെമി ഫെെനലിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപെ എന്നീ പേരുകളാണ്.

പക്ഷേ, ലോകകപ്പില്‍ നിന്ന് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍താരം പൗളീഞ്ഞോയാണ് കൂടുമാറ്റം നടത്തിയ ആദ്യ വമ്പന്‍. മഞ്ഞപ്പടയുടെയും ബാഴ്സലോണയുടെയും മിഡ്ഫീല്‍ഡിലെ മിന്നും താരമായ പൗളീഞ്ഞോ ഇനി വരുന്ന സീസണില്‍ ചെെനീസ് ക്ലബ്ബായ ഗ്യാംസൗവിന് വേണ്ടി വായ്പ അടിസ്ഥാനത്തില്‍ കളിക്കും.

Scroll to load tweet…

നേരത്തെ ഇതേ ക്ലബ്ബില്‍ നിന്നാണ് പൗളീഞ്ഞോ ബാഴ്സയിലെത്തിയത്. സ്പാനിഷ് ക്ലബ്ബിനായി 34 കളികളിലിറങ്ങിയ പൗളീഞ്ഞോ ഒമ്പത് ഗോളുകള്‍ നേടിയിരുന്നു. ചെെനീസ് ക്ലബ്ബിനായി 63 മത്സരങ്ങള്‍ കളിച്ച ശേഷമായിരുന്നു താരത്തിന്‍റെ ബാഴ്സ പ്രവേശനം. പൗളീഞ്ഞോയുടെ ഏജന്‍റ് കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സലോണയില്‍ ഉണ്ടായിരുന്നു.

ഇതോടെ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ കാര്യത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പൗളീഞ്ഞോയെ ഇപ്പോള്‍ വായ്പ അടിസ്ഥാനത്തിലാണ് ബാഴ്സ നല്‍കിയിരിക്കുന്നത്. എന്നാല്‍, ബ്രസീല്‍ താരത്തെ സ്വന്തമാക്കാന്‍ ചെെനീസ് ക്ലബ്ബിന് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ലോകകപ്പില്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ വിശ്വസ്ഥനായിരുന്ന പൗളീഞ്ഞോ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ഗ്രൂപ്പ് റൗണ്ടില്‍ സെര്‍ബിയക്കെതിരെ ഗോള്‍ നേടാനും താരത്തിന് സാധിച്ചിരുന്നു.