പയ്യന്നൂര്‍: അടിമുടി ദുരൂഹതകൾ നിറഞ്ഞ് കണ്ണൂർ പയ്യന്നൂർ വനിതാ പോളി ടെക്നിക്കിൽ ഒരു മാസത്തിനിടെ രണ്ട് വിദ്യാർത്ഥിനികളുടെ ആത്മഹത്യ. റാഗിംഗ് കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കാട്ടി ശ്രീതിയെന്ന ദളിത് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ കണ്ണൂർ എസ്.പിക്ക് പരാതി നൽകി. മതംമാറ്റത്തിനടക്കം പ്രേരിപ്പിച്ച് ബ്ലാക്ക്മെയിലിംഗിന് ഇരയായാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ആതിരയെന്ന പെൺകുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആതിരയുടെ മരണത്തിൽ ബാഹ്യബന്ധങ്ങൾ പ്രത്യേകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണപുരം പൊലീസും എസ്.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ജൂലെ 13ന് ശ്രീതി, 16 ദിവസങ്ങൾക്ക് ശേഷം ആതിര. നടുക്കുന്ന രണ്ട് ആത്മഹത്യകൾ. ഇരുവരും ഒരേ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികൾ.. കോളേജ് ബസിൽ സീറ്റിനെച്ചൊല്ലി സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പ്രിൻസിപ്പാളിന് പരാതി നൽകിയ ശ്രീതിക്ക് നേരെ പിന്നെയും ഭീഷണിപ്പെടുത്തലുണ്ടായെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. കോളേജ് ബസിലും ഇതുണ്ടായി.

ഇക്കാര്യങ്ങൾ സൂചിപ്പിച്ച ആത്മഹത്യക്കുറിപ്പും പൊലീസിന്‍റെ പക്കലുണ്ട്. പക്ഷെ ആതിരയുടെ കൂടി ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് കുടുംബം വിദഗ്ദാന്വേഷണം ആവശ്യപ്പെടുന്നത്. ജൂലൈ 29ന് ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തിൽ കോളേജിന് പുറത്തെ ആൽവിൻ ആന്റണിയെന്നയാൾ അറസ്റ്റിലായി. ഇയാൾ മതംമാറ്റത്തിന് ആതിരയെ പ്രേരിപ്പിച്ചതായും, അമ്മയെ വരെ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും പിതാവ് പറയുന്നു.

ഇക്കാര്യത്തിൽ പൊലീസ് പറയുന്നതാണ് ഏറെ ഗൗരവതരം ആതിരയെക്കൂടാതെ മറ്റ് പെൺകുട്ടികളും ആൽവിന്‍റെ വലയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് കൗൺസിലിങ്ങടക്കം നൽകി. മയക്കുമരുന്നു ലോബികളുമായും ബന്ധമുണ്ടോയെന്നും, ആൽവിനൊപ്പമുള്ളവരെക്കുറിച്ചുമറിയാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് കണ്ണപുരം പൊലീസ് എസ്.പിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.