ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നകാര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയിലും തീരുമാനമായില്ല. യെച്ചൂരിയുടെ കാര്യത്തില്‍ തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. അടുത്ത മാസം 23 മുതലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുക. യെച്ചൂരി മത്സരിക്കുന്നതിനെ പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം ശക്തമായി എതിര്‍ത്തു.എന്നാല്‍ രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്.

യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റ് 18ന് തീരും. കോൺഗ്രസ് കൂടി പിന്തുണച്ചാൽ ബംഗാളിൽനിന്നു സിപിഎമ്മിന് ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കാനാകും. യെച്ചൂരിയാണ് സ്ഥാനാർഥിയെങ്കിൽ പിന്തുണയ്ക്കാമെന്നു കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെയോ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയെ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താൻ കഴിയില്ല.