ജിഷ കൊലപാതക കേസില്‍ പ്രതി അമീറുല്‍ ഇസ്ലാം ജിഷ കൊല്ലപ്പെട്ട ദിവസം തന്നെ രക്ഷപെട്ടതായി ഇയാള്‍ക്കൊപ്പം താമസിച്ചവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാധനങ്ങളെല്ലാം പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ മുറിയില്‍ ഉപേക്ഷിച്ചിട്ടാണ് ഇയാള്‍ പോയത്. നാട്ടിലെത്തിയ ശേഷമോ പിന്നീടോ വിളിച്ചിട്ടില്ല. ജിഷയുടെ കൊലതാകത്തില്‍ അമീറുല്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് സംശയമുണ്ടായിരുന്നെന്നും മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പറഞ്ഞു. കെട്ടിടം പണികള്‍ക്കായണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ പെരുമ്പാവൂരിലെത്തിയത്. നാലുമാസം മുമ്പാണ് അമീറുല്‍ ഇസ്ലാം കേരളത്തിലെത്തിയത്. കൊലപാതകം നടന്ന അന്നുതന്നെ രാത്രി ആരോടും പറയാതെ ഇയാള്‍ കടന്നുകളഞ്ഞു. സാധനങ്ങളെല്ലാം കഴിഞ്ഞദിവസം ഇവിടെയെത്തിയ പൊലീസ് സംഘം കൊണ്ടുപോയി. ഇടയ്ക്ക് ഇയാള്‍ തന്റെ ഭാര്യയുമായെത്തി ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തന്നെ കഴിഞ്ഞിരുന്നു.