കോഴിക്കോട്: മുക്കത്ത് ജലസ്രോതസുകള്‍ക്ക് ഭീഷണിയായി കയര്‍ഫെഡിന്റെ ചകിരിമാലിന്യം. വെസ്റ്റ് മാമ്പറ്റയിലെ കയര്‍ഫെഡ് ഫൈബറിങ് യൂണിറ്റില്‍ നിന്നും പുറന്തള്ളുന്ന ചകിരിമാലിന്യമാണ് വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
മാലിന്യം കൂട്ടിയിട്ടതിന് സമീപത്തുള്ള തോട്ടിലൂടെ ചകിരികറ കിണറുകളിലേക്കും മറ്റും ഒഴുകിയെത്തുകയാണ്. ഇതോടെ കിണറുകളില്‍ വെള്ളത്തിന്റെ നിറം മാറുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ ചകിരിമാലിന്യം കൊണ്ട് മലിനപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിക്കാന്‍ നടപടിയായത്. വീണ്ടും മാലിന്യം കുന്ന് കൂടിയതോടെ പ്രശ്‌നത്തിന് ശാശത്വപരിഹാരം വേണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. ലോങ്ജംപ് പിറ്റും മറ്റും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചകിരിച്ചോറാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പൊതുവിപണിയില്‍ ഇതിന് ലക്ഷങ്ങള്‍ വിലയുണ്ട്.
