പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്. 

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‍പിമാര്‍ക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‍പി സുനില്‍ കുമാറിനും വടകര ഡിവൈഎസ്‍പി ആര്‍ ഹരിപ്രസാദിനുമാണ് മാറ്റം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുളള സ്വാഭാവിക നടപടിയാണിതെന്നും ഷാഫിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കതിരെ നടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കണ്ണീര്‍വാതക ഷെല്‍ മുഖത്ത് പതിച്ച് ഗുരുതര പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയാസ് ഇന്ന് ആശുപത്രി വിട്ടു.

ഷാഫി പറമ്പിൽ എംപിക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കറ്റം പേരാമ്പ്ര സംഘര്‍ഷം നടന്ന് കൃത്യം പത്താം നാളാണ് സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈെഎസ്‍പിമാരെയും സ്ഥലം മാറ്റിയുളള ഉത്തരവ് പുറത്ത് വന്നത്. വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനെ മെഡിക്കല്‍ കോളജ് എസ്പിയായും പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് എസിപിയായുമാണ് സ്ഥലം മാറ്റിയത്. 

സംഘര്‍ഷത്തിനിടെ ഗ്രനേഡ് കയ്യില്‍ ഇരുന്ന് പൊട്ടി ഹരിപ്രസാദിന്‍റെ വലത് കൈക്ക് സാരമായി പരിക്കേറ്റിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരേ സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരോ സ്വന്തം താലൂക്കില്‍ ജോലി ചെയ്യുന്നവരോ ആയ 23 ഡിവൈഎസ്‍പി മാരെ സ്ഥലം മാറ്റിക്കൊണ്ട് ഇന്നലെ ഇറങ്ങിയ ഉത്തരവിലാണ് ഹരിപ്രസാദിന്‍റെയും സുനില്‍ കുമാറിന്‍റെയും പേരുളളത്. കണ്ണില്‍ പൊടിയിടാനായുളള തന്ത്രം മാത്രമാണിതെന്നും ഷാഫിയെ മര്‍ദ്ദിച്ച പൊലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ചില പൊലീസുകാര്‍ സ്വന്തം നിലയില്‍ ലാത്തി വീശിയതാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ഇതാരെന്ന് കണ്ടെത്താന്‍ എഐ സഹായത്തോടെയുളള അന്വേഷണം ഉണ്ടാകുമെന്നും വടകര റൂറല്‍ എസ്‍പി കൈ ഇ ബൈജു ഒരു വേദിയില്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഈ അന്വേഷണം എങ്ങുമെത്തിയിട്ട.. പകരം, പൊലീസിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞെന്ന സിപിഎം ആരോപണത്തിന് പിന്നാലെ കേസും അറസ്റ്റുമായി നടപടികള്‍ കടുപ്പിക്കുകയായിരുന്നു പൊലീസ്. 

യുഡിഎഫ് പ്രകടനം കടന്നുപോകാന്‍ അനുവദിക്കാത്ത പൊലീസ് നടപടിയാണ് സംഘര്‍ഷത്തിന് വഴി വച്ചതെന്ന് കണ്ണീര്‍വാതക ഷെല്‍ മുഖത്ത് വീണ് പരിക്കേറ്റ നിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം നിയാസ് ഇന്നാണ് ആശുപത്രി വിട്ടത്. അതേസമയം സംഘര്‍ഷത്തില്‍ മൂക്കിന്‍രെ ഇടത് വലത് എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച ഷാഫി പറന്പില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പൊതുവേദിയില്‍ എത്തിയിട്ടില്ല.

പേരാമ്പ്ര സംഘർഷത്തിൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി