കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ കോടതിയില്‍ കയറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അഭിഭാഷകനായ എസ്. കൃഷ്ണകുമാറാണ് ഹര്‍ജിക്കാരന്‍.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് ഹൈക്കോടതിയില്‍ അപ്പീലെത്തിയത്. കോടതിയില്‍ നിന്നും പ്രതിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയ സി.ഐ അനന്തലാലിനെതിരെ നടപടി ആവശ്യപ്പെട്ട് എ.സി.ജെ.എം കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ എസ്. കൃഷ്ണകുമാറായിരുന്നു പരാതിക്കാരന്‍. പരാതിക്കാരന്റെ ആവശ്യം എ.സി.ജെ.എം കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതിയില്‍ കയറി പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐ അനന്തലാലിനെതിരെ നടപടി വേണം. പൊലീസ് അതിക്രമത്തില്‍ അഭിഭാഷകനായ തനിക്കും മര്‍ദ്ദനമേറ്റെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ വഴിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ മുഖ്യപ്രതി സുനില്‍ കുമാര്‍ കീഴടങ്ങാനായി എറണാകുളം എ.സി.ജെ.എം കോടതിയാണ് തെര‍ഞ്ഞെടുത്തത്. കോടതിക്ക് പുറത്ത് ബൈക്കിലെത്തിയ പ്രതികള്‍ അഭിഭാഷകര്‍ക്കൊപ്പം കോടതി ഹാളില്‍ കടന്നു. ഈ സമയം കോടതി ഉച്ചയൂണിന് പിരിഞ്ഞിരുന്നു. പ്രതികള്‍ കോടതിയിലെത്തുന്ന വിവരമറിഞ്ഞ് സെന്‍ട്രല്‍ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതി പരിസരത്തെത്തിയിരുന്നു. കോടതി വീണ്ടും ചേരുന്നതിന് മുമ്പ് കോടതിയിലെത്തി പൊലീസ് സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. പ്രതികളും അഭിഭാഷകരും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സുനില്‍കുമാറുമായാണ് മടങ്ങിയത്. ഇതേത്തുടര്‍ന്നാണ് പൊലീസിനെതിരെ അഭിഭാഷകനായ കൃഷ്ണകുമാര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.