കുവൈത്തില്‍ അടുത്തമാസം ഒന്നു മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കും. സാമ്പത്തിക കാര്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി.
അടുത്ത മാസം ഒന്നുമുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാനാണ് മന്ത്രിസഭയോഗംഅനുമതി നല്‍കിയത്. സാമ്പത്തിക കാര്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനയ്‌ക്ക് അംഗീകാരം നല്‍കിയിരിക്കുന്നതും. ഇതനുസരിച്ച്, പെട്രോളിന്, 40-ത് മുതല്‍ 80 ശതമാനം വരെ വര്‍ധനവ് ഉണ്ടാകും. ലിറ്ററിന് 60 ഫില്‍സായിരുന്ന പ്രീമിയത്തിന് വില 85 ഫില്‍സായി വര്‍ധിക്കും. 65 ഫില്‍സായിരുന്ന സൂപ്പറിന് വില 105 ഫില്‍സാകും. കുറഞ്ഞ മലിനീകരണമുള്ള പരിസ്ഥിതി സൗഹൃദ അള്‍ട്ര പെട്രോളിന് 83 ശതമാനം വര്‍ധനവിനാണ് തീരുമാനിച്ചിരിക്കുന്നത്. അള്‍ട്ര പെട്രോള്‍ ലിറ്ററിന് 95 ഫില്‍സില്‍ നിന്ന് 165 ഫില്‍സായി വില വര്‍ധിക്കുമെന്നാണ് വിവിരം. അന്താരാഷ്‌ട്ര എണ്ണവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മൂന്നുമാസവും സര്‍ക്കാര്‍ കമ്മിറ്റി പെട്രോള്‍വില പുനഃപരിശോധിക്കുകയും ചെയ്യും. ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള ശരാശരി പെട്രോള്‍ നിരക്കിന് സമാനമായ വര്‍ധനവാണ് ഇവിടെയും നടപ്പാക്കുന്നത്. രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം രാജ്യത്ത് ഡീസല്‍,മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ചിരുന്നു.
