സംസ്ഥാനത്ത് ഇന്ധനവില കുറയും; അധിക നികുതി ഒഴിവാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ജൂൺ ഒന്ന് മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരും. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഇന്ധനവില ഒരു പൈസ കുറഞ്ഞു.
തുടർച്ചയായ ഇന്ധനവില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് താത്കാലിക ആശ്വാസമായാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെത്തുന്നത്. പെട്രോൾ--ഡീസൽ നികുതിയിലെ അധിക വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വേണ്ടെന്ന് വയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
പെട്രോളിന് 19 രൂപ 22 പൈസയാണ് സംസ്ഥാന സർക്കാർ നികുതിയായി ഈടാക്കുന്നത്. ഇതിൽ നിന്ന് ഒരു രൂപ ഇളവ് നൽകാനാണ് തീരുമാനം. 15 ദിവസത്തിന് ശേഷം വില പുനപരിശോധിക്കും. നികുതി കുറയ്ക്കുന്നതിലൂടെ 500 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ തുടർച്ചയായ 16 ദിവസത്തെ വർധനയ്ക്ക് ശേഷം പെട്രോൾ--ഡീസൽ വില ഇന്ന് ഒരു പൈസ കുറഞ്ഞു. രാവിലെ ആറ് മണിക്ക് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും എണ്ണക്കന്പനികൾ കുറച്ചിരുന്നു. എന്നാൽ 9 മണിയോടെ പെട്രോളിന് 61 പൈസയും ഡീസലിന് 59 പൈസയും ഉയർത്തി. മണിക്കൂറുകൾക്കുള്ളിൽ വില കൂട്ടാനുള്ള കാരണം എന്തെന്ന് എണ്ണക്കന്പനികൾ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 61 പൈസയും ഡീസലിന് 75 രൂപ 19 പൈസയുമാണ് പുതുക്കിയ നിരക്ക്.
