കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പെട്രോള്‍ പമ്പ് സമരം. പ്രതിദിന ഇന്ധന വില മാറ്റത്തിലെ അപാകം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പമ്പുടമകള്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തിയതിനാല്‍ സമരം തീര്‍ന്നാലും രണ്ട് ദിവസം കൂടി ഇന്ധനക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അര്‍ദ്ധരാത്രി 12 മുതല്‍ നാളെ അര്‍ദ്ധരാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പുടമകളുടെ സമരം. ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനം നിമിത്തം പമ്പുടമകള്‍ വന്‍നഷ്ടം നേരിടുകയാണെന്നും ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ജൂണ്‍ 16ന് ശേഷം പടിപടിയായി രണ്ട് രൂപയോളം രൂപ കുറഞ്ഞ ഇന്ധന വില കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു രൂപ വര്‍ദ്ധിച്ചു. കുറഞ്ഞ വിലയ്ക്ക് എടുത്ത സ്റ്റോക്ക് കൂടിയ വിലയ്ക്ക് വില്‍ക്കാനാവില്ലെന്നാണ് പമ്പുടമകളുടെ നിലപാട്.
സമരഭീതി നിമിത്തം ആളുകള്‍ കൂട്ടത്തോടെ ഇന്ധനം നിറയ്ക്കാന്‍ എത്തിയതിനാല്‍ പല പമ്പുകളിലും ഉച്ചയോടെ സ്റ്റോക്ക് തീര്‍ന്നു. സ്റ്റോക്കുള്ളിടത്ത് വാഹനങ്ങളുടെ നീണ്ട നിരയും പ്രകടമാണ്. സമരം മുന്‍നിറുത്തി പല പമ്പുകളും ഇന്നലെ തന്നെ സ്റ്റോക്കെടുക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതുകാരണം. നാളെ അര്‍ദ്ധരാത്രി സമരം തീര്‍ന്നാലും സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഇന്ധനക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സിവില്‍ സപ്ലൈസ് അടക്കമുള്ളവര്‍ നടത്തുന്ന പമ്പുകളും നാളെ തുറക്കും.
