തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തില്‍. പിജി പഠനശേഷം മൂന്ന് വര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ പ്രോസ്‌പെക്ടസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗത്തേയും അടിയന്തര ശസ്ത്രക്രിയ, തീവ്ര പരിചരണ വിഭാഗങ്ങളേയും സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷവും സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കില്‍ അത്യാഹിത വിഭാഗത്തേയും സമരത്തിലുള്‍പ്പെടുത്തും.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ ബാധിച്ചേക്കും. ഇന്നലെ ആരോഗ്യമന്ത്രിയുമായും സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയെങ്കിലും അനുകൂല സമീപനം ഉണ്ടായിരുന്നില്ല