വയനാട്: വിനോദ സഞ്ചാരികള്‍ ഏറെയെത്തിയിട്ടും അമ്പലവയലിലെ ഫാന്റം റോക്കിനെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തിരിഞ്ഞുനോക്കുന്നില്ല. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങളിലെക്കെത്തുന്ന സഞ്ചാരികളിലേറെയും ഫാന്റം റോക്ക് കൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. എന്നാല്‍ ദിവസവും നിരവധി പേരെത്തുമ്പോഴും ഇവിടെ ഒരു സുരക്ഷ ഗാര്‍ഡ് പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ശരിയാവണ്ണം ഒരു വഴിയില്ലാത്തതിനാല്‍ സമീപത്തെ ക്രഷറിലേക്കുള്ള റോഡിലൂടെയാണ് ഇപ്പോള്‍ ആളുകള്‍ ഫാന്റം റോക്കിലെത്തുന്നത്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം പിണഞ്ഞാല്‍ പെട്ടെന്ന് ആശുപത്രിയിലേക്കെത്തിക്കുക സാധ്യമല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കേശവേന്ദ്ര കുമാര്‍ ജില്ലാ കലക്ടര്‍ ആയിരുന്നപ്പോള്‍ ഫാന്റം റോക്കിനെ സംരക്ഷിക്കാന്‍ മതിയായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡി.ടിപി.സി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ വാക്കുകള്‍ നാട്ടുകാരില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം മാത്രമായി അത് മാറി. റോക്കിന് ചുറ്റും പാറപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം ചെവിക്കൊണ്ടിട്ടില്ല. അതേ സമയം റോഡരികില്‍ ടൂറിസം വകുപ്പിന്റെ ഏതാനും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലയുടെ സൗന്ദര്യം നുകരാനെത്തുന്നവര്‍ സംരക്ഷണവും സ്വയമൊരുക്കണമെന്നതാണ് സ്ഥിതി. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്.
