ഇടുക്കി: ജൈവ പച്ചക്കറി കൃഷിയോടുള്ള തങ്ങളുടെ താല്‍പ്പര്യമാണ് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരേയും ജീവനക്കാരേയും വ്യത്യസ്തരാക്കുന്നത്. ആശുപത്രിയുടെ സമീപത്തായി കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിവകുപ്പിന്‍റെ സഹായത്തോടെ ഇവിടെ കൃഷിയിറക്കിയിരിക്കകയാണ് ഇവര്‍.
ഇടുക്കി: ആതുര സേവനമെന്നാല്‍ മരുന്നുകളും സാന്ത്വന വാക്കുകളും മാത്രമല്ല. ആരോഗ്യ പരിപാലനത്തിന് വിഷമുക്തമായ ആഹാരരീതിയും ഒരു പ്രധാന ഘടകമാണ്. ആ തിരിച്ചറിവാണ് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ജൈവ പച്ചക്കറി കൃഷിയിലേക്ക് നയിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഇവിടെ കൃഷി ആരംഭിച്ചത്.
ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കാടുപിടിച്ച് ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയപ്പോള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ വീണ്ടും കാടുകയറി മൂടാതിരിക്കുന്നതിന് ഇവിടെ പൂന്തോട്ടം നിര്‍മ്മിക്കുന്നതിനാണ് ആദ്യം പദ്ധതി ഇട്ടത്.
പിന്നീട് കൃഷിവകുപ്പിന്‍റെ സഹായത്തോടെ പ്രൊജക്ട് അധിഷ്ടിത പച്ചക്കറി കൃഷി ഇവിടെ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ കൃഷി വിജയകരമായിരുന്നു എങ്കിലും പിന്നീട് പലവിധ കാരണങ്ങളാല്‍ കൃഷി ഇടയ്ക്ക് മുടങ്ങി. ഇതിന് ശേഷം വീണ്ടും ഇത്തവണ ഇവര്‍ വ്യത്യസ്മായ രീതിയില്‍ കൃഷി ആരംഭിക്കുകയായിരുന്നു.
ഇത്തവണത്തെ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പും നടത്തി. വിളവെടുക്കുന്ന പച്ചക്കറികള്‍ പാലിയേറ്റീവ് ലിസ്റ്റിലുള്ള കിടപ്പുരേഗികള്‍ക്ക് എത്തിച്ച് നല്‍കുന്നതിനും ഇവര്‍ പദ്ധതി ഇടുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനി മുകുന്ദന്‍, ഡോ. അക്സീന അലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനുവല്‍, ജീവനക്കാരായ എം.ബി ബിന്ധു, വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നത്. രാവിലെ നേരത്തെ എത്തിയും വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞതിനും ശേഷമാണ് കൃഷി പരിപാലനം നടത്തുന്നത്.
