കാസർഗോഡ്: നിസാര സംഭവങ്ങൾക്കുപോലും ഒപിയിൽ മുതൽ സ്വകാര്യ ക്ലിനിക്കിൽ വരെ സമരം നടത്തി രോഗികളെ ചുറ്റിക്കുന്ന ഡോക്ടർമാർ ഉള്ള നാട്ടിൽ ഇതാ സമരമോ പരാതിയോ ഇല്ലാതെ എൺപതിലും കർമ്മനിരതനായി ജോലി ചെയുന്ന ഒരു ഡോക്ടർ. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എ.ആർ പൈ ആണ് മലയോരഗ്രാമത്തിന്‍റെ മനസറിഞ്ഞു പാവപ്പെട്ട രോഗികൾക്ക് മരുന്ന് നൽകിവരുന്നത്.
ഈ ആശുപത്രിയിൽ പൈ ഡോക്ടർക്കു സമയപരിധിയില്ല. ഡോക്ടർ ആശുപത്രിയിൽ ഇല്ലെങ്കിൽ തൊട്ടടുത്തെ വീടിന്‍റെ മുന്നിലെ കസേരയിൽ കാണും. രാവിലെ ഒൻപതിന് തുടങ്ങുന്ന ആതുരസേവനം അവസാനിക്കുന്നത് രാത്രി ആളൊഴിയുന്നതോടെ മാത്രം. രണ്ടുവര്‍ഷമായി വെള്ളരിക്കുണ്ടിലെ രോഗികള്‍ക്ക് നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന ഡോക്ടര്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്.
കാസർഗോഡിന്‍റെ മലയോര പ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് പിഎസ്‍സി വഴി നിയമനം കിട്ടി ഡോകടർമാർ ആരും വരാത്ത സാഹചര്യത്തിലാണ് രണ്ടു വർഷം മുൻപ് പയ്യന്നൂർ സ്വദേശിയായ എ.ആർ പൈ താൽക്കാലിക ഡോക്ടറായി ജോലിക്കെത്തിയത്. 1960ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ പൈ അതുവരെ പയ്യന്നൂരിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
അഞ്ചോളം സ്വകാര്യ ആശുപത്രികളുണ്ട് വെള്ളരിക്കുണ്ടില്‍. എന്നാല്‍ ഡോക്ടര്‍ പൈയുടെ സേവനം ഈ ആശുപത്രികള്‍ക്ക് ഭീക്ഷണിയാണ്. കാരണം സമയപരിധികളില്ലാതെ രോഗികളെ നോക്കുന്ന ഡോക്ടര്‍ മലയോര ഗ്രാമത്തിന്‍റെ പ്രിയപ്പെട്ടവനാണ്. പ്രായാധിക്യത്തിന്‍റെ അവശത ഉണ്ടെങ്കിലും ജോലിയിൽ അവശതയോ സമയമോ നോക്കാതെ മുന്നേറുന്ന പൈ ഡോക്ടർക്കു താങ്ങും തണലുമായി ഭാര്യ മായാ പൈയും വെള്ളരിക്കുണ്ടിലുണ്ട്.
പ്രായം ചെന്ന ഡോക്ടർ രോഗികളെ പരിശോധിക്കുമ്പോള്‍ ആശുപത്രി ക്വാട്ടേര്‍സില്‍ പൈ ഡോക്ടറെ പരിചരിക്കുന്നത് 68 കഴിഞ്ഞ ഭാര്യ മായാ പൈ ആണ്. നാലുമക്കളിൽ മൂന്നുപേരും വിദേശത്തായതിനാൽ പയ്യന്നൂരിലേക്കുള്ള യാത്ര വിരളമാണ്. പിഎസ്‍സി നിയമനത്തിലൂടെ മറ്റൊരു ഡോക്ടര്‍ എന്നുവരുന്നോ അന്നേ താൻ വെള്ളരിക്കുണ്ട് വീടു എന്നാണ് പൈ ഡോക്ടർ പറയുന്നത് .
