ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് അവസാനിച്ചു. ഹജ്ജിനുള്ള തയ്യാറെടുപ്പുകളുമായി മക്കയിലെ താമസ സ്ഥലങ്ങളില്‍ കഴിയുകയാണ് ഇന്ത്യന്‍ ഹാജിമാര്‍. ഹജ്ജിനു മുന്നോടിയായി ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ജൂലൈ ഇരുപത്തിനാലിന് ആരംഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഇന്നാണ് അവസാനിച്ചത്.
ഓഗസ്റ്റ് എട്ടു വരെ മദീനയിലേക്കും തുടര്‍ന്ന്‍ ജിദ്ദയിലേക്കുമായിരുന്നു വിമാന സര്‍വീസുകള്‍. ഒന്നേക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും നാല്‍പ്പത്തി അയ്യായിരം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനു എത്തിയിരിക്കുന്നത്. തീര്‍ഥാടകരെല്ലാം ഇപ്പോള്‍ മക്കയിലെ താമസ സ്ഥലത്താണ് ഉള്ളത്. മക്കയിലെ ഹറം പള്ളിയില്‍ പോയി ഹജ്ജിനു മുമ്പുള്ള തവാഫ് നിര്‍വഹിക്കുന്ന തിരക്കിലാണ് പല തീര്‍ഥാടകരും.
നാളെ രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. അതിനിടെ ഹജ്ജിനു മുന്നോടിയായി മക്കയില്‍ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കായി സൌജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സിയുമായി കൈ കോര്‍ത്ത് ഏഷ്യന്‍ പോളിക്ലിനിക് സംഘടിപ്പിച്ച ക്യാമ്പില്‍ നൂറുക്കണക്കിനു തീര്‍ഥാടകര്‍ പങ്കെടുത്തു.
തീര്‍ഥാടകര്‍ക്കാവശ്യമായ മരുന്നുകളും സൌജ്യന്യമായി നല്‍കി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേമ്പിലെത്തി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ മെഡിക്കല്‍ സംഘം ബുധനാഴ്ച മുതല്‍ മിനായില്‍ ഉണ്ടാകും. മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം സംഘത്തിന്‍റെ സേവനം ഉണ്ടായിരിക്കും.
