കഴിഞ്ഞ മാസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ച് വിജേഷ് മുഖ്യമന്ത്രി പിണറായിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതൃത്വം പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു

കണ്ണൂര്‍: മുഖ്യമന്ത്രിയ്ക്കെതിരെ വധ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി വിജേഷ് ബാലനാണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമാന കുറ്റത്തിന് വിജേഷ് നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. ഇയാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ച് വിജേഷ് മുഖ്യമന്ത്രി പിണറായിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതൃത്വം പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

കോഴിക്കോട് ആശ്രമത്തില്‍ ഒളിവില്‍ കഴിയുകയാണ് വിജേഷെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐയും സംഘവമാണ് ഇയാളെ പിടികൂടിയത്. വധഭീഷണി മുഴക്കിയതിനും അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ വിജേഷ് റിമാന്‍ഡിലാണ്.