കണ്ണൂര്‍: നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍ ചിലര്‍ അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസന്വേഷണങ്ങളില്‍ പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. പൊലീസിന്റെ കൈകള്‍ കെട്ടിയിടുന്ന ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികാര മൂര്‍ത്തികളാകാന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. എന്നാല്‍ കഴിഞ്ഞ കാലത്ത് ചെയ്‌ത തെറ്റുകളുടെ ഭാഗമായി, നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ ചിലര്‍ അനുഭവിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു. അതിന് തങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രിക്കും, ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തീവണ്ടി മാര്‍ഗം രാവിലെ തലശേരിയില്‍ എത്തിയ മുഖ്യമന്ത്രിയെ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ആവേശകരമായാണ് സ്വീകരിച്ചത്. മോശമായതെല്ലാം നേരത്തെത്തന്നെ ചാര്‍ത്തിക്കിട്ടിയ ആളാണ് താനെന്നും എന്നാല്‍ കല്ലും, നെല്ലും, പതിരും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിവുള്ളതുകൊണ്ടാണ് താന്‍ ഈ നിലയിലെത്തിയതെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലബാറിന്റെ വികസനത്തിന് ആവശ്യമായതെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ, ബോംബേറില്‍ കൊല്ലപ്പെട്ട പിണറായിയിലെ രവീന്ദ്രന്റെയും, കഴിഞ്ഞ ദിവസം പുഴയില്‍ മുങ്ങിമരിച്ച കുട്ടികളുടെയും, ഐഡിബിഐ ബാങ്കില്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച വില്‍ന വിനോദിന്റെയും വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.