ജയിൽവാസത്തിനിടയിൽ നോട്ടുബുക്കുകളിൽ സൗമ്യ എഴുതിയ കുറിപ്പുകൾ കേസിന്റെ തുടരന്വേഷത്തിൽ നിർണായകമാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന
തലശേരി: ജയിൽ വളപ്പിൽ തൂങ്ങി മരിച്ച പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ഡയറി കുറിപ്പുകൾ നിർണായകമാകുന്നു. വനിതാ ജയിലിൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന സൗമ്യയെ കഴിഞ്ഞ ദിവസമാണ് ജയിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽവാസത്തിനിടയിൽ നോട്ടുബുക്കുകളിൽ സൗമ്യ എഴുതിയ കുറിപ്പുകൾ കേസിന്റെ തുടരന്വേഷത്തിൽ നിർണായകമാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കവിതകളും കേസിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളും ഡയറിയിലുള്ളതായും സൂചനയുണ്ട്. സൗമ്യയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് പ്രത്യേകം പരിശോധിക്കും. കണ്ണൂർ ടൗണ്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സൗമ്യയുടെ ഡയറിക്കുറിപ്പുകൾ അടുത്ത ദിവസം തന്നെ അന്വേഷണ സംഘം പരിശോധിക്കും.
മാതാപിതാക്കളായ പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65) എന്നിവരെയും മകളായ എട്ടു വയസുകാരി ഐശ്വര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ മരണത്തോടെ നിരവധി ചോദ്യങ്ങൾക്കാണ് സമൂഹം ഉത്തരം തേടുന്നത്. മരണത്തിൽ ജയിൽ ജീവനക്കാർക്ക് പങ്കില്ലെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താനല്ല മാതാപിതാക്കളേും മക്കളേയും കൊന്നതെന്നും ആത്മഹത്യക്കുറിപ്പിൽ സൗമ്യ പറയുന്നുണ്ട്.
കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും എന്നെങ്കിലും സത്യം പുറത്തുവരുമെന്നും സൗമ്യ സഹതടവുകാരോട് പല തവണ പറഞ്ഞിരുന്നു. മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ചാണ് ചെയ്തതെന്ന് നാട്ടുകാരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. നാട്ടുകാരുടെ സംശയങ്ങൾക്ക് ഉത്തരം തേടി നിരവധി പേരെ എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തെങ്കിലും ഉത്തരം ലഭിച്ചില്ല. പതിനാറുകാരൻ മുതൽ അറുപതുകാരൻ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചിരുന്നു.
