തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഓണഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രി ,പ്രവൃത്തി ദിവസത്തെ പൊതുപണിമുടക്കിനെ അനുകൂലിച്ച് രംഗത്തിറങ്ങിയത് വിവാദമാകുന്നു. പൊതു പണിമുടക്കിനുള്ള ആളുകളുടെ ആഭിമുഖ്യം തേടി പിണറായി വിജയൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റിട്ടത്.

ഓഫീസ് സമയത്ത് ഓണാഘോഷം നടത്തുന്നതിനും, പൂക്കളമിടുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സെപ്റ്റംബർ 2 വെള്ളിയാഴ്ച രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് ആഭിമുഖ്യമറിയിക്കാനാണ് പോസ്റ്റിലെ ആവശ്യം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ പ്രചരണത്തിന്റെ ലിങ്കും പോസ്റ്റിനൊപ്പമുണ്ട്.  

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ വിമർശിച്ച് കൊണ്ടുള്ള കമന്‍റുകളും ഉണ്ട്. പിണറായി വിജയന്റെ നിലപാട് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്നും, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്തരം പോസ്റ്റുകളിടരുതെന്നും കമന്‍റുകളുണ്ട്.

പിണറായിക്ക് അധികാര ഭ്രാന്ത് പിടിച്ചതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പോസ്റ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.