തൃശൂര്‍: കോണ്‍ഗ്രസ് ബന്ധത്തിന്‍റെ പേരില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിണറായി വിജയന്‍റെ പരോക്ഷ വിമര്‍ശനം. വ്യക്തികള്‍ക്കല്ല പ്രസ്ഥാനത്തിനാണ് കരുത്തുണ്ടാകേണ്ടത്. ഏത് കരുത്തനും പാര്‍ട്ടിക്ക് താഴെയാണെന്നും പിണറായി വിജയന്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഉയ‍ര്‍ത്തിയതിന് ശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ പറഞ്ഞു. 

സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ സമ്മേളന ച‍ര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് ബന്ധത്തില്‍ കേരള ഘടകത്തിന്‍റെ നിലപാട് പിണറായി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചത്. പാര്‍ട്ടിക്കെതിരായ അതിക്രമങ്ങള്‍ ഒന്നൊന്നായി ചൂണ്ടികാട്ടിയായിരുന്നു പിണറായി വിജയന്‍റെ പ്രസംഗം. ഓരോ കാലത്തും ഓരോ തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായി. അപ്പോഴെല്ലാം പാര്‍ട്ടി അതിനെ അതിജീവിച്ചിട്ടുണ്ട്. 

തലശ്ശേരി കലാപം തൊട്ട് പി ജയരാജന് നേരെയടക്കം ഉണ്ടായ ആക്രമണങ്ങളെ എണ്ണിപ്പറഞ്ഞ പിണറായി ശുഹൈബ് വധത്തില്‍ ഒന്നും മിണ്ടിയില്ല. പാര്‍‍ട്ടിയില്‍ വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചതോടെ മറ്റ് ചില എഴുത്തുകള്‍ പാര്‍ട്ടിക്കെതിരെ ഉണ്ടാകുന്നത് കാണുന്നുണ്ട്. അത് കാണാതിരിന്നുകൂടെ എന്ന് പറഞ്ഞായിരുന്നു പാര്‍ട്ടിലൈനില്‍ യെച്ചൂരിക്കെതിരായ പരോക്ഷ വിമര്‍ശനം.