തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാവിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല. ഇത്തരം ഒരു വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ചിലര്‍ അനാവശ്യമായി വിവാദം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള വിലയിരുത്തലിലാണ് മന്ത്രിസഭ ചര്‍ച്ച ഒഴിവാക്കിയത്. അതേസമയം മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം രംഗത്തെത്തി.
തന്‍റെ നിര്‍ദേശ പ്രകാരമാണ് റവന്യു അഡീഷണല്‍ സെക്രട്ടറി ഹെലികോപ്ടര്‍ യാത്രയുടെ ഫണ്ട് ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നടപടികളില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.
യാത്രക്കായി ചെലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് വാര്‍ത്തയുമുണ്ടായിരുന്നു. ഇത്തരമൊരു തീരുമാനം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുമോ എന്ന് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വ്യക്തമാകും. പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രധാനമായി നടക്കുക. അതിനാല്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന യോഗമാണ് ഇന്ന് ചേരുന്നത്.
പകുതി ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ സമ്മേളനങ്ങള്‍ തുടരുന്നതില്‍ സംസ്ഥാന നേതൃത്വം തൃപ്തരാണ്. തിരുവനന്തപുരം , ആലപ്പുഴ, കണ്ണൂര്‍ അടക്കം ഇനി നടക്കാനുള്ള ജില്ല സമ്മേളനങ്ങളുടെ ക്രമീകരണങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
