പൂർണ്ണ ആരോഗ്യവാന്‍; മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കഥകള്‍ മെനഞ്ഞതെന്ന് മുഖ്യമന്ത്രി

First Published 4, Mar 2018, 2:37 PM IST
Pinarayi vijayan response about his health condition
Highlights
  • മാധ്യമങ്ങളെ വിമർശിച്ച് പിണറായി 
  • മെനഞ്ഞത് പല കഥകള്‍
  • കഥകൾ ചിലരുടെ ആഗ്രഹമെന്നും പിണറായി

തിരുവനന്തപുരം: താന്‍ പൂർണ്ണ ആരോഗ്യവാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മരിക്കണമെന്ന ആഗ്രഹിക്കുന്നവരാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കഥകൾ മെനഞ്ഞതെന്നും പിണറായി വിജയൻ ആരോപിച്ചു. ചെന്നൈയിലെ ആരോഗ്യപരിശോധനക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി.

ചെന്നെയിൽ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര ഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് പക്ഷെ തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചെന്നൈയിലേത് പതിവ് പരിശോധന മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെയാണ് പിണറായിയെ ചെന്നൈ അപ്പോളാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഭാര്യക്കുള്ള പതിവ് ആരോഗ്യ പരിശോധനയെന്നാണ് സിഎം മീഡിയാ വാട്ട്സ് അപ്പ് ഗ്രൂപ്പിലെ വിശദീകരണം.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രിയെ ആണെന്നായിരുന്നു അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. വിമാനത്താവളത്തിൽ മുമ്പെങ്ങുമില്ലാത്ത കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

loader