തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകുന്നു . അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്‌കൂളുകളിലെത്തുക.

എല്ലാ വര്‍ഷവും അധ്യാപകദിനം ആചരിക്കും. ഇത്തവണ ഒരു വെറൈറ്റി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരാകാന്‍ തന്നെ തീരുമാനിച്ചു. പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പ്രസംഗിച്ചുള്ള ശീലത്തിനൊപ്പം പാര്‍ട്ടി ക്ലാസ് നയിച്ച അനുഭവവും കൈമുതലാക്കിയാണ് അധ്യാപക വേഷത്തിലേക്ക് മാറുന്നത് . 

അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് മുഖ്യമന്ത്രി ക്ലാസെടുക്കുക. മുഖ്യ അധ്യാപകന്‍ കൈകാര്യം ചെയ്യുന്ന വിഷയം ജീവിതശൈലി. 

ധന, ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ മന്ത്രിമാരും ഇതേ സ്‌കൂളില്‍ അധ്യാപകരായി എത്തും. മദ്യം , മയക്കുമരുന്ന് , പുകയില ഉല്‍പന്നങ്ങള്‍ ,അലസത, ജീവിതശൈലി രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ എന്നീ വിഷയങ്ങളിലാണ് വിവിഐപി ക്ലാസുകള്‍. 

അധ്യാപകവേഷത്തിലെത്താന്‍ എംഎല്‍എമാര്‍ക്കും അവസരമുണ്ട് . പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും അധ്യാപക ദിനാചരണത്തിന്റെ സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക. അധ്യാപകനായി മുഖ്യമന്ത്രി എത്തുമ്പോള്‍ അത് ഗൗരവക്കാരന്‍ മാഷായിട്ടാകുമോ അതോ വിദ്യാര്‍ഥികളെ കയ്യിലെടുക്കുന്ന രസികന്‍ മാഷാകുമോ അതാണ് കാത്തിരിക്കുന്ന ക്ലൈമാക്‌സ്.