ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മുന്‍കാല നേതാക്കള്‍ അങ്ങനെയാണ് ചെയ്തിരുന്നത്.
മലപ്പുറം: പാണക്കാട് കുടുംബത്തെ പരിഹസിച്ച മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. പാണക്കാട് കുടുംബത്തിനെതിരായ ജലിലിന്‍റെ പരാമര്‍ശത്തെ സിപിഎം പോലും പിന്തുണയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്തെ നടന്ന സി.പി.എം യോഗത്തിലാണ് ജലീൽ ലീഗ് നേതാക്കളെ കടന്നാക്രമിച്ച് സംസാരിച്ചത്. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്‍ററിൽ നിന്നാണെന്നുമായിരുന്നു ജലീലിന്‍റെ പരിഹാസം. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സി.പി.എം സംരക്ഷണത്തിലുള്ള ഒരാളെ തൊടാന്‍ യൂത്ത് ലീഗിനാവില്ലെന്നും ജലില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മുന്‍കാല നേതാക്കള്‍ അങ്ങനെയാണ് ചെയ്തിരുന്നത്. ആരോപണം വരുമ്പോള്‍ അതുന്നയിച്ചവര്‍ക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.
