ഡിവൈഎഫ്ഐ വനിതാ നേതാവ് എംഎല്‍എ ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതിയില്‍ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പി.കെ.ശശിയുടെ മൊഴിയെടുത്തു.  എകെജി സെന്‍ററില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. 

കൊച്ചി: ഡിവൈഎഫ്ഐ വനിതാ നേതാവ് എംഎല്‍എ ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതിയില്‍ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പി.കെ.ശശിയുടെ മൊഴിയെടുത്തു. എകെജി സെന്‍ററില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. നീണ്ട നാല് മണിക്കൂര്‍ നേരത്തെ മൊഴിയെടുപ്പിന് ശേഷം പി.കെ. ശശി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൊഴിയെടുപ്പ് തുടങ്ങിയത്. ടെലഫോണ്‍ സംഭാഷണമടക്കമുള്ള ശക്തമായ തെളിവുകളോടെയാണ് യുവതി പരാതി നല്‍കിയത്. അന്വേഷണ കമ്മീഷനംഗം പി.കെ.ശ്രീമതിയോ എ.കെ.ബാലനോ മൊഴിയെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. എല്ലാ നടപടികളും പുരോഗമിക്കുന്നു എന്ന് മാത്രമായിരുന്നു ചോദ്യം ചെയ്യല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പി.കെ.ശ്രീമതിയുടെ മറുപടി. 

യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ഉറച്ച് നിന്നാല്‍ പാര്‍ട്ടിക്ക് പി.കെ.ശശിക്കെതിരെ നടപടിയെടുക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ച സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറേറ്റും ഈ മാസം മുപ്പതിനും അടുത്തമാസം ഒന്നിനും സിപിഎം സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഇതിന് മുമ്പ് പി.കെ.ശശിയുടെ കേസില്‍ തീരുമാനമുണ്ടാക്കാനാണ് സിപിഎം നീക്കം.