തൃശൂര്‍: ലോകപ്രസിദ്ധമായ കുടമാറ്റത്തിന് വേദിയാവുന്ന തെക്കേഗോപുര നടയിലും തേക്കിന്‍കാട് മൈതാനത്തിന്റെ തണലിടങ്ങളിലും സന്ധ്യയാവും മുമ്പേ ചെറുസംഘങ്ങള്‍ വട്ടമിട്ടിരിക്കും. വെടിപറയാനല്ല, ചീട്ടുകളിക്കാന്‍. നിയമത്തില്‍ ചീട്ടുകളി കുറ്റമാണെന്നതിനാല്‍ തൃശൂരില്‍ ആദ്യമായി വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഏതാനും വര്‍ഷം മുമ്പ് തേക്കിന്‍കാടൊന്ന് ഇളക്കിമറിക്കാന്‍ ശ്രമിച്ചു. അറസ്റ്റ് ഭീഷണി മുഴക്കി ചീട്ടുകളിക്കാരെ വിരട്ടിയകറ്റാനുള്ള മൂപ്പിലാന്റെ കൃത്യനിര്‍വഹണം പക്ഷെ, തൃശൂരിന്റെ സൗഹൃദ പ്രതിരോധത്തോടെ തടസപ്പെട്ടു. ഏമാന്‍ തൃശൂരിന്റെയും തേക്കിന്‍കാടിന്റെ സായാഹ്നത്തിന്റെയും സംസ്‌കാരവും ചരിത്രവും പഠിക്കണമെന്ന് സഹപ്രവര്‍ത്തകരും ഉപദേശിച്ചു. ഒടുവില്‍ ആ നീക്കം ഉപേക്ഷിച്ചു.

ഇന്നും തേക്കിന്‍കാട് മൈതാനത്തെ ചീട്ടുകളി മുടക്കമില്ലാതെ തുടരുന്നു. സാക്ഷാല്‍ സി അച്യുതമേനോനടക്കം ഈ ചീട്ടുകളി സംഘത്തിനൊപ്പം ഇരുന്ന് വര്‍ത്തമാനം കേള്‍ക്കുകയും പറയുകയും ചെയ്തിരുന്നു. തൃശൂരിന്റെ നാഡീഞരമ്പുകളറിയുന്ന കാരണവന്മാരും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ നഗരത്തിലെ പഴയകാല ഉദ്യോഗസംഘങ്ങളും വ്യാപാര പ്രമുഖരും ചുമട്ടുതൊഴിലാളികളും സായാഹ്നത്തില്‍ ഇവിടെ വട്ടമിട്ടിരിക്കും. രാഷ്ട്രീയവും ആനുകാലിക വിഷയങ്ങളും ഇവര്‍ ചര്‍ച്ചക്കെടുക്കും.

കാതില്‍ കുണുക്കിട്ട് കയ്യില്‍ ഭംഗിയില്‍ വിടര്‍ത്തിപ്പിടിച്ച ചീട്ടുമായി ഇരിക്കുന്ന സംഘങ്ങളില്‍ അധികവും നാല്പതിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരില്‍ കൂടുതലും കാരണവന്മാരായിരിക്കും. പണം വെച്ചല്ല തേക്കിന്‍കാട്ടിലെ ചീട്ടുകളി. 64 ഏക്കറുള്ള തേക്കിന്‍കാട്ടിലെ ചീട്ടുകളി കൂട്ടങ്ങള്‍ തൃശൂരിന്റെ സായാഹ്നക്കാഴ്ചകളില്‍ ഒഴിവാക്കാനാവാത്തതായി മാറിയിരിക്കുന്നു.

കളി സംഘങ്ങളേക്കാള്‍ ആവേശത്തോടെ കളി കാണാന്‍ നില്ക്കുന്നവരും ധാരാളമുണ്ടാകും. കളികാണാനിരിക്കുന്നവര്‍ തിരിച്ചുപോകുന്നത് ഇവരില്‍ നിന്ന് കേട്ടുപതിഞ്ഞ അന്നത്തെ ലോകവര്‍ത്തമാനവുമായിട്ടാവും.

തേക്കിന്‍കാടും ചീട്ടുകളിയുമായി ദശാബ്ദങ്ങളുടെ ബന്ധമുണ്ടെന്നാണ ഈ സംഘങ്ങളില്‍ നിന്നുതന്നെ കേട്ടുപഠിച്ചത്. എന്നാണ് തേക്കിന്‍കാട്ടിലെ ചീട്ടുകളിക്ക് തുടക്കമായതെന്ന് ആര്‍ക്കും വ്യക്തതയുമില്ല. തേക്കിന്‍കാടിന്റെ പല ഭാഗങ്ങളിലായി പത്തിലധികം ചീട്ടുകളി സംഘങ്ങളാണ് പതിവായുള്ളത്. കളി തുടങ്ങിയാല്‍ പിന്നെ വലിപ്പച്ചെറുപ്പമില്ല. ഇത്ര പരസ്യമായി ചീട്ടുകളിക്കുന്നുണ്ടെങ്കിലും അതിന്റേതായ ശല്യങ്ങളൊന്നും നഗരത്തിനില്ല. തൃശൂരില്‍ ചിത്രീകരിച്ച ഒട്ടുമിക്ക സിനിമകളിലും തേക്കിന്‍കാടിന്റെ ചീട്ടുകളി പകര്‍ത്തിയിട്ടുണ്ട്. ഹര്‍ത്താലും സമരവുമൊന്നും ഈ കളിക്കൂട്ടത്തിന് ബാധകമല്ല. ഇന്നിതാ തേക്കിന്‍കാടിന്റെ ചീട്ടുകളിയെ പ്രോത്സാഹിപ്പിക്കാനായി തൃശൂരില്‍ സപ്പോര്‍ട്ട് ചീട്ടുകളി മത്സരവും സംഘടിപ്പിക്കപ്പെട്ടു. പണം വെയ്ക്കാതെയുള്ള തൃശൂരിന്റെ തനത് ചീട്ടുകളി സംഘടിപ്പിച്ചത് ബാനര്‍ജി ക്ലബ്ബാണ്.