റോത്തക്: മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അധ്യാപകനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസിലിട്ട് കുത്തി. കണക്ക് അധ്യാപകനെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തിയത്. സംഭവം ക്ലാാസ് മുറിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അധ്യാപകന്റെ കഴുത്തിലും തലയിലും കുത്തേറ്റു ഹരിയാനയിലെ ബഹാദൂര്‍ഗഡിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. 

അക്രമാസക്തനായ വിദ്യാര്‍ത്ഥി രവീന്ദര്‍ എന്ന അധ്യാപകനെ പത്തിലധികം തവണ കുത്തി. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കത്തി എടുത്താണ് ഇയാള്‍ അധ്യാപകനെ കുത്തിയത്. കുത്തേറ്റ് പുറത്തേക്കോടിയ അധ്യാപകനെ പിന്നാലെ ചെന്ന് ഇയാള്‍ വീണ്ടും കുത്തുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുത്തിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

കുത്തിയ വിദ്യാര്‍ത്ഥിക്ക് ആയുധം നല്‍കിയ മറ്റൊരു വിദ്യാര്‍ത്ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികളെ രവീന്ദര്‍ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് വിദ്യാര്‍ത്ഥി ഇയാളെ കുത്തിയത്. ശനിയാഴ്ച രക്ഷാകര്‍തൃ മീറ്റിംഗ് വിളിച്ചിട്ടുണ്ടായിരുന്നു. ഇതാകാം മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ യാദവ് പറഞ്ഞു.