ഇന്ധന വില വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം

ദില്ലി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുക്കുന്നു. ഇന്ധന വില വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.

ഇതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചിയിലെ ഡീസൽ വില. നഗരത്തിനു വെളിയില്‍ വില 80 ന് മുകളില്‍ എത്തി.

തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 87.25 പൈസ ചെലവാക്കണം. നഗരത്തിനു വെളിയില്‍ 88.50 രൂപ വരെയാണു വില. ഡീസൽ വില നഗരത്തിനുള്ളിൽ 80.63 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.