ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന്‍റെ പശ്ചാലത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ദില്ലിയിൽ നടന്നു. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. 

ഇന്ത്യ എങ്ങനെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന വിശദാംശങ്ങൾ ഉന്നതതലയോഗത്തിൽ വിശദീകരിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെയും അജിത് ദോവലിന്‍റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ആക്രമണം നടന്നത്.

പുൽവാമ ഭീകരാക്രമണം നടന്നതിന് പിന്നാലെ ദില്ലിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാംപുകൾ ആക്രമിച്ച് തിരിച്ച് വരാൻ തീരുമാനമെടുത്തത്.

Read More: ആക്രമിക്കാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി; പദ്ധതി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കി

രാജ്യം മുഴുവൻ സൈന്യത്തിനൊപ്പമെന്നും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ആക്രമണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്.