സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച രാഹുല്‍ അഹങ്കാരിയെന്ന് ‍മോദി, വടികൊടുത്ത് അടിവാങ്ങി രാഹുല്‍ ഗാന്ധി
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പ്രസ്താവനയെ പരിഹസിച്ച് കർണാടകത്തിൽ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുള്ള പ്രസ്താവന രാഹുലിന്റെ ധാർഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
കോൺഗ്രസ് വലിയ കക്ഷിയായാൽ 2019ൽ താൻ പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെ നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷനെതിരെ പ്രസ്താവന ആയുധമാക്കി. മുന്നണികളുണ്ടാക്കി കാത്തു നിൽക്കുന്നവരും പതിറ്റാണ്ടുകളുടെ പരിചയസന്പത്തുള്ളവരും ഉള്ളപ്പോൾ പ്രധാനമന്ത്രയാകാൻ തയ്യാറെന്ന് ഒരാൾ പറയുന്നതിന്റെ അർഥമെന്തെന്ന് മോദി ചോദിച്ചു.
കോലാറിനു പുറമെ ബെലഗാവിയിലും ചിക്മഗളൂരിലും ദീദറിലും നടക്കുന്ന റാലികളോടെ മോദിയുടെ പ്രചാരണം അവസാനിക്കും. രാഹുൽ ഗാന്ധി ബെഗളുരുവിൽ റോഡ് ഷോയിലാണ്. രണ്ട് പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കും,. ബംഗളുരുവിൽ അമിത് ഷായും റോഡ് ഷോ നടത്തുന്നുണ്ട്.
മൈസുരുവിൽ പ്രചാരണം തുടരുന്ന സിദ്ദരാമയ്യ മോദിയെ ഇന്നും കടന്നാക്രമിച്ചു. മോദിക്ക് 56 ഇഞ്ച് നെഞ്ചളവ് മാത്രമേയുള്ളൂ, കരുണയുള്ള ഹൃദയമില്ല എന്നായിരുന്നു വിമർശനം. ആർ ആർ നഗറിൽ പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം തുടരുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയുടെ അടുപ്പക്കാരന്റെ ഫ്ലാറ്റിൽ നിന്നാണ് ഇത് കണ്ടെത്തിയത് എന്നാരോപിച്ച് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണണെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ബിജെപി നാടകമാണിതെന്നും കോൺഗ്ര്സും ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടരുകയാണ്.
