കോൺഗ്രസ് ജവാൻമാരുടെ ജീവൻ വച്ച് കളിക്കുകയായിരുന്നു. സൈന്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം - മോദി.
ദില്ലി: ദേശീയ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഭരണകാലത്ത് റഫാൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു. അതിനാണ് കരാർ ഒപ്പിടുന്നതിന് വ്യവസ്ഥകളിൽ തർക്കം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോയത്. കോൺഗ്രസ് ജവാൻമാരുടെ ജീവൻ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു.
സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താൻ പാഴാക്കിയിട്ടില്ലെന്ന് മോദി അവകാശപ്പെട്ടു. 2009-ൽ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ സൈന്യം ആവശ്യപ്പെട്ടതാണ്. അന്നത്തെ സർക്കാർ അത് നൽകിയില്ല. പിന്നീട് നാലരവർഷം കൊണ്ട് തന്‍റെ സർക്കാർ 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകി.
എല്ലാ ഇടപാടുകളും അതിലെ വിവാദങ്ങളും നീളുന്നത് ഒരു കുടുംബത്തിലേക്കാണെന്ന് പരിഹസിച്ച മോദി, കുടുംബത്തിനാണോ രാജ്യത്തിനാണോ പ്രഥമപരിഗണനയെന്ന് അവർ തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്. മോദിയെ ഓർമ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണ എന്നും നിലനിൽക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാൻ താൻ തയ്യാറെന്നും മോദി വ്യക്തമാക്കി.
ദേശീയ യുദ്ധസ്മാരകം നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയത് അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണെന്ന് പറഞ്ഞ മോദി, പിന്നീട് യുപിഎ അധികാരത്തിൽ വന്നപ്പോൾ കാര്യങ്ങൾ അനങ്ങാതായെന്ന് പരിഹസിച്ചു. പിന്നീട് 2014-ലാണ് യുദ്ധസ്മാരകപദ്ധതിക്ക് ജീവൻ വച്ചത്. സൈന്യത്തിൽ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകിയത് തന്‍റെ സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.
ദില്ലിയിൽ നഗരമധ്യത്തിൽ ഇന്ത്യാഗേറ്റിനടുത്ത് 40 ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ ഭൂമിയിലാണ് യുദ്ധസ്മാരകം. കല്ലിൽ കൊത്തിയ സ്തൂപത്തിന് കീഴെ ജ്യോതി തെളിച്ചാണ് മോദി യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.
ഒരു തുറന്ന വേദിയ്ക്ക് നടുവിലെ സ്തൂപത്തിൽ തെളിയിച്ച ഒരിക്കലും കെടാത്ത ജ്യോതിയും, വിവിധ യുദ്ധങ്ങൾ ചിത്രീകരിക്കുന്ന ആറ് വെങ്കലപ്രതിമകളും ചേർന്നതാണ് ദേശീയ യുദ്ധസ്മാരകം. ഇതിന് ചുറ്റുമായി നാല് വൃത്തങ്ങളാണുള്ളത്. ആദ്യത്തേത്, അമർ ചക്ര - അമരത്വത്തിന്‍റെ പ്രതീകം. രണ്ടാമത്തേത് വീർ ചക്ര - ധീരതയുടെ പ്രതീകം, ത്യാഗ് ചക്ര - ത്യാഗത്തിന്‍റെ പ്രതീകം, രക്ഷക് ചക്ര - സുരക്ഷയുടെ പ്രതീകം.
