ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ രക്തത്തിന്റെ ദല്ലാളാകാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.സൈനികരുടെ പിന്നിൽ മറഞ്ഞിരുന്ന് നേട്ടം കൊയ്യാനാണ് മോദിയുടെ ശ്രമമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 26 ദിവസമായി ഉത്തർപ്രദേശിൽ നടത്തിയ കർഷകയാത്രയുടെ സമാപനസമ്മേളത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചത്.
സൈന്യം രാജ്യത്തിന് വേണ്ടി മിന്നലാക്രമണം നടത്തി. ഇവരുടെ രക്തത്തിന് പിന്നിൽ മറഞ്ഞിരുന്ന് ചിലര്‍ നേട്ടം കൊയ്യുകയാണ്. പ്രധാനമന്ത്രി ദല്ലാളാകാൻ ശ്രമിക്കുന്നു. സൈനികർ അവരുടെ ജോലി ചെയ്യുന്നത് പോലെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ജോലി ചെയ്യണം.
സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.വാദ്ഗാനങ്ങളൊന്നും പാലിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തി. കോൺഗ്രസ് ഉപാധ്യക്ഷന്റെ പരാമർശം തരം താണതായിപ്പോയെന്ന് ബിജെപി ആരോപിച്ചു.
