ശ്രീനഗർ: ഹിമാലയം തുരന്നു നിർമിച്ച രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാഷ്മീരിൽ രാജ്യത്തിനു സമർപ്പിച്ചു. ഉധംപൂർ ജില്ലയിലെ ചെനാനിയിൽ ആരംഭിച്ചു റംബാൻ ജില്ലയിലെ നഷ്റിയിൽ അവസാനിക്കുന്ന തുരങ്കപാതയാണ് മോദി രാജ്യത്തിനു സമർപ്പിച്ചത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈർഘ്യം. വിഘടനവാദികൾ കടയടപ്പിന് ആഹ്വാനം ചെയ്തിരുന്നതിനാൽ മോദിയുടെ സന്ദർശനത്തിനു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
ജമ്മുവിൽനിന്നു ശ്രീനഗറിലേക്കുള്ള ദേശീയ പാത 44ൽ 3,720 കോടി രൂപ ചെലവിലാണു തുരങ്കപാത നിർമിച്ചത്. 2011 മേയിലാണ് തുരങ്കപാത യുടെ നിർമാണം ആരംഭിച്ചത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരത്തിൽ 30.11 കിലോമീറ്റർ ലാഭിക്കാനാകും. ഇത് ദിവസേന 27 ലക്ഷം രൂപയുടെ ഇന്ധനലാഭമുണ്ടാക്കുമെന്നും കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാത നോർവയിലാണ്. 24.51 കിലോമീറ്ററാണ് നോർവയിൽ തുരങ്കത്തിലൂടെ സഞ്ചരിക്കേണ്ടത്.
ഒട്ടേറെ സവിശേഷതകളോടെയാണ് തുരങ്കം നിർമിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിലെ വേഗ നിയന്ത്രണം മണിക്കൂറിൽ 50 കിലോമീറ്റർ ആണ്. കൂടാതെ ഡിം മോഡിൽ വാഹനങ്ങളുടെ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കണം. തുരങ്കത്തിനുള്ളിലെ പ്രവർത്തനങ്ങൾ മുഴുവൻ പുറത്തുനിന്നു നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ വാഹനഗതി, വായു സഞ്ചാരം തുടങ്ങിയവയെല്ലാം ഇങ്ങനെ നിയന്ത്രിക്കാം. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങളിൽനിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പുറത്തെത്തിക്കാനുള്ള സംവിധാനവുമുണ്ട്.
