Asianet News MalayalamAsianet News Malayalam

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തമാശ പൊട്ടിച്ചും ലോക്സഭയിലെ അവസാന പ്രസംഗത്തിൽ മോദി

രാജ്യത്തിൻറെ ആത്മവിശ്വാസം എന്നേക്കാളും ഉയർന്നിരിക്കുന്നു. ഈ ആത്മവിശ്വാസം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; സർക്കാരിൻറെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പതിനാറാം ലോക്സഭയിൽ മോദിയുടെ അവസാന പ്രസംഗം.

PM Modi's last speech in 16th Lok Sabha
Author
Delhi, First Published Feb 13, 2019, 5:24 PM IST

ദില്ലി:  രാജ്യത്തിൻറെ ആത്മവിശ്വാസം എന്നത്തേക്കാളും ഉയർന്നിരിക്കുന്നുവെന്ന് പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആത്മവിശ്വാസം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻറെ സർക്കാരിൻറെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ കർശനമായ നിയമങ്ങൾ ഈ ലോക്സഭ പാസാക്കി. ചരക്കുസേവന നികുതി പാസാക്കാനും പതിനാറാം ലോക്സഭയ്ക്കായി. ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള സഹകരണത്തിൻറെ ആദർശം ജിഎസ്ടി പാസാക്കിയതിൽ കണ്ടു. ആയിരത്തി നാനൂറിലധികം കാലഹരണപ്പെട്ട നിയമങ്ങൾ പതിനാറാം ലോക്സഭ ഒഴിവാക്കി. ഇന്ത്യ ഇന്ന് സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്. അതിലേക്കുള്ള വലിയ ചുവടായിരുന്നു മേക്ക് ഇൻ ഇന്ത്യ. ഈ കാലയളവിൽ ഡിജിറ്റൽ ലോകത്ത് ഇന്ത്യ ശ്രദ്ധേയശക്തിയായി ചുവടുറപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സമ്പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ടത്. താനും പാർലമെൻറിലെ തുടക്കക്കാരിൽ ഒരുവനായാണ് പാർലമെൻറിലെത്തിയത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടപതിനാറാം ലോക്സഭയെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. മന്ത്രിസഭയിലും ധാരാളം വനിതകളുണ്ടായിരുന്നു. സഭ നിയന്ത്രിച്ചതും വനിതാ സ്പീക്കറായിരുന്നു. 

ജനപ്രതിനിധികളുടെ ശമ്പളം തീരുമാനിക്കുന്നത് അവർ തന്നെയാണെന്ന് വിമർശനം ഉണ്ടായിരുന്നു. സ്വന്തം പ്രതിഫലത്തിൻറെ കാര്യത്തിൽ സാമാജികർ മാത്രമല്ല തീരുമാനം എടുക്കേണ്ടത്.  സുതാര്യത ഉറപ്പാക്കിക്കൊണ്ട് ആ വിമർശനം സർക്കാർ മറികടന്നുവെന്നും മോദി പറഞ്ഞു.

മല്ലികാർജ്ജുൻ ഖാർഗെയുമായി പലതവണ സഭാതലത്തിൽ തർക്കിക്കേണ്ടിവന്നിട്ടുണ്ടെന്ന് പ്രതിപക്ഷ ബഞ്ചിലേക്ക് നോക്കി പ്രധാനമന്ത്രി പറഞ്ഞു. തൻറെ ചിന്തയെ ഉണർത്താൻ അത്തരം സംവാദങ്ങൾക്കായിട്ടുണ്ട്. അദ്ദേഹത്തിന് ഇന്നും തൊണ്ടയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് താൻ കരുതുന്നുവെന്ന പ്രധാനമന്ത്രിയുടെ ഫലിതം സഭയിൽ ചിരി പടർത്തി. 

പതിനാറാം ലോക്സഭയുടെ കാലത്ത് സർക്കാരിനെതിരെ ഭൂകമ്പം ഉണ്ടാക്കുന്ന തരത്തിലുള്ള വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ചിലർ പറഞ്ഞു. പക്ഷേ ഒന്നുമുണ്ടായില്ലെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു. താൻ വീണ്ടും പ്രധാനമന്ത്രിയാകണം എന്ന മുലായം സിംഗിൻറെ പരാമർശത്തിനും മോദി പ്രസംഗത്തിനിടെ മറുപടി പറഞ്ഞു. സർക്കാരിൻറെ നേട്ടങ്ങളാണ് മുലായത്തെക്കൊണ്ട് അത് പറയിച്ചത് എന്നായിരുന്നു മോദിയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios