ദില്ലി: നാടിന് ദ്രോഹം ചെയ്തിട്ട് വന്ദേമാതരം പാടുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125 ആം വാര്‍ഷികം ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം കോളേജുകളില്‍ തല്‍സമയ സംപ്രേക്ഷണം നടത്തിയതിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.

സ്വാമി വിവേകാനന്ദന്റെ പ്രസംഗം പുതു തലമുറക്ക് പ്രചോദനമാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സര്‍ഗ്ഗാത്മക ശേഷി നാടിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പ്രസംഗം രാജ്യത്തെ എല്ലാ കോളേജുകളിലും തല്‍സമയം സംപ്രേക്ഷണം ചെയ്യണമെന്ന് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ചില കോളേജുകളില്‍ പ്രസംഗം തല്‍സമയം സംപ്രേക്ഷണം ചെയ്തു. ആര്‍എസ്എസ് ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് പ്രചരിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.

കെഎസ്.യു സംസ്ഥാന വ്യാപകമായി പ്രസംഗം നടക്കുന്ന കോളേജുകളില്‍ പ്രസംഗ സംപ്രേക്ഷണം തടസ്സപ്പെടുത്തി. ഇതേതുടര്‍ന്ന് മിക്കയിടത്തും സംപ്രേക്ഷണം നിര്‍ത്തിവെച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രസംഗം സംപ്രേക്ഷണം ചെയ്തതിനെതിരെ എം എസ് എഫ് പ്രവര്‍ത്തകര്‍ കണ്ണും കാതും മൂടിക്കെട്ടി പ്രകടനം നടത്തി. എസ്എഫ്.ഐ പ്രസംഗ സംപ്രക്ഷണം ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ ചില കോളേജുകള്‍ വിസമ്മതിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു.