Asianet News MalayalamAsianet News Malayalam

മോദി സൃഷ്ടിക്കുന്നത് അപകടകരമായ പ്രവണത; മാപ്പ് പറയണമെന്ന് മന്‍മോഹന്‍ സിംഗ്

PM Must Apologise says Manmohan Singh On Pak Row
Author
First Published Dec 11, 2017, 8:34 PM IST

ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ മന്‍മോഹന്‍സിംഗ്. രാഷ്ട്രീയ ലക്ഷ്യം വച്ച് മോദി നടത്തിയ തെറ്റായ ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചു. തെറ്റായ ആരോപണത്തില്‍ മോദി മാപ്പ് പറയണമെന്നും മുന്‍പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

മുന്‍പ്രധാനമന്ത്രിയേയും സൈനിക തലവനേയും ഉള്‍പ്പെടെ ഭരണഘടനാപരമായ എല്ലാ വിഭാഗങ്ങളെയും ദുഷിപ്പിക്കുന്നതിലൂടെ അപകടകരമായ പ്രവണതയാണ് മോദി രാജ്യത്ത് സൃഷ്ടിക്കുന്നത്. ഗുജറാത്തില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ കഴിയാവുന്ന എല്ലാ അധിക്ഷേപവും പുറത്തെടുക്കുകയാണ് മോദി. ഭീകരവാദത്തോട് സന്ധിചെയ്യുന്ന മോദിയുടെ തന്ത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടി, ദേശീയതയെ കുറിച്ച് കൂടുതല്‍ പ്രസംഗിക്കേണ്ടതില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 

ഉദംപൂരിലെയും ഗുരുദാസ്പൂരിലെയും ഭീകരാക്രമണത്തിന് ശേഷം ക്ഷണിക്കാത്ത കല്യാണത്തിന് പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ പോയ ആളാണ് മോദി. 
പത്താന്‍കോട്ടിലെ ഇന്ത്യന്‍ നാവികസേനാ താവളത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ അന്വേഷണം നടത്താന്‍ ഐഎസ്‌ഐയെ വിളിച്ച് വരുത്തിയതും മോദിയാണെന്നും മന്‍മോഹന്‍സിംഗ് ഓര്‍മ്മിപ്പിച്ചു. 

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, 22 വര്‍ഷമായി ഗുജറാത്തില്‍ തുടരുന്ന ബിജെപി ആധിപത്യം തകര്‍ക്കാന്‍ മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ളവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.

മന്‍മോഹന്‍സിംഗ്, ഹാമിദ് അന്‍സാരി, മുന്‍ സൈനിക തലവന്‍ ദീപക് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയത്. പാക്കിസ്ഥാനില്‍നിന്നുള്ള മുന്‍മന്ത്രി, മുന്‍ സൈനിക തലവന്‍, ചില മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നാണ് ആരോപണം. ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു മോദി ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധമാണ് മോദിയുടെ പ്രചാരണത്തിനെതിരെ ഉയരുന്നത്.
 

Follow Us:
Download App:
  • android
  • ios