ഖത്തർ ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റും ഇന്ത്യൻ ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗവും തമ്മിൽ സാന്പത്തിക കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാ പത്രത്തിനാണ് അംഗീകാരം നൽകിയത്. വിനോദ സഞ്ചാരം, നൈപുണ്യ വികസനം,എന്നീ രംഗങ്ങളിലും യുവജന കായിക മേഖലകളിലും പരസ്പരം സഹകരിക്കുന്നതിനുള്ള കരടു ധാരണാ പത്രത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. സമാനമായ ധാരണാ പത്രങ്ങൾക്ക് ഇന്ത്യൻ സർക്കാരും ഇന്നലെ ന്യൂ ഡൽഹിൽ അംഗീകാരം നൽകി. കസ്റ്റംസ് വിഷയങ്ങളിൽ സഹകരിക്കാനും പരസ്പരം സഹായിക്കാനും ഇന്ത്യയും ഖത്തറും കരാർ ഒപ്പുവെക്കും. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനത്തിനു തൊട്ടുമുന്പ് സുപ്രധാന വിഷയങ്ങളിൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പ്രധാന മന്ത്രിയുടെ സന്ദർശന വേളയിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവും.
അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഖത്തർ, പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഇന്ത്യക്കും ഖത്തറിനുമിടയിൽ പരിധി വെക്കാത്ത തുറന്ന ആകാശ നയത്തിനാണ് ഖത്തർ താൽപര്യപ്പെടുന്നത്. ഇത് നടപ്പിലായില്ലെങ്കിലും ഖത്തറിനുള്ള ക്വാട്ട വർധിപ്പിക്കുന്ന കാര്യം ഗൗരവമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. നിലവിൽ മറ്റു ഗൾഫ് വിമാന കന്പനികളെക്കാൾ പകുതിയിൽ താഴെ സീറ്റുകൾ മാത്രമാണ് ഖത്തർ എയർവെയ്സിന് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പരിധി വർധിപ്പിക്കാതെ പുതിയ കേന്ദ്രങ്ങളിലേക്ക് സർവീസ് തുടങ്ങാനോ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനൊ ഖത്തർ എയർവെയ്സിന് കഴിയില്ല ഇതിനു മുന്പ് 2009 ലാണ് ഖത്തർ എയവേയ്സിനു അധിക സീറ്റുകൾ അനുവദിച്ചത്. എന്തായാലും ജൂൺ നാലിന് ദോഹയിലെത്തുന്ന പ്രധാന മന്ത്രിയുടെ സന്ദർശന വേളയിൽ തന്നെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമേടുപ്പിക്കാനായിരിക്കും ഖത്തർ ശ്രമിക്കുക.
