ദില്ലി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തും. നരേന്ദ്ര മോദി പ്രസ്താവനയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കൽ ജനങ്ങൾ അംഗീകരിച്ചെന്നും രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ദിവസങ്ങളായി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഈ വിഷയമുയര്‍ത്തി ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഇതിനിടെയാണ് രാജ്നാഥ് സിംഗിന്റെ വിശദീകരണം. തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുതെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് പ്രതിപക്ഷമാണ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നതെന്നും ലോക്സഭയിൽ പറഞ്ഞു.

നോട്ടു വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ഇന്നും പാർലമെന്റിൽ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ. ഈ ഘട്ടത്തിലാണ് രാജ്നാഥ് സിംഗ് മറുപടി നൽകിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു രാജ്യസഭ അൽപനേരത്തേക്ക് നിർത്തിവച്ചിരുന്നു.