കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെയും വനിതാ സുഹൃത്തിനെയും പോലീസ് അപമാനിച്ചെന്ന പരാതിയില്‍ എസ്ഐ മാരെ വിളിച്ചുവരുത്തി വിശദീകരണം തേടും. മനുഷ്യാവകാശ കമ്മീഷനാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.സംഭവത്തില്‍ അന്വേഷണം നടത്തി അടുത്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

ഈ മാസം ഒന്നിന് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനായി എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പോയ തന്‍റെ വനിത സുഹൃത്തിനെ പോലീസ് തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷിന്‍റെ പരാതി. അര്‍ദ്ദരാത്രി ഒറ്റയ്‌ക്ക് എവിടെ പോകുന്നുവെന്ന് ചോദിച്ചായിരുന്നു തടഞ്ഞുവെച്ചത്. തന്റെ സുഹൃത്തിനെ കണ്ട് മടങ്ങുകയാണെന്നറിയിച്ചതോടെ മാധ്യമ പ്രവര്‍ത്തകനായ പ്രതീഷിനെ പോലീസ് വിളിപ്പിച്ചു.

തുടര്‍ന്ന് വാക്കേറ്റമുണ്ടായതോടെ പ്രതീഷിനെ പോലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. സഭവത്തില്‍ എറണാകുളം നോര്‍ത്ത് എസ്.ഐ വിപിന്‍ ദാസ്, വനിത സ്റ്റേഷന്‍ എസ്.ഐ എന്നിവരോടാണ് കമ്മീഷന്‍ ജനുവരിയില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വഷേണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കി.

പ്രതീഷിന്റെ സുഹൃത്തായ വനിത മാധ്യമ പ്രവര്‍ത്തകയും കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം വനിത എസ്.ഐ അപമര്യാദയായാണ് പെരുമാറിയതെന്നും 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചാണ് തന്നെ വിട്ടയച്ചെതന്നും യുവതി പരാതയില്‍ വ്യക്തമാക്കിയിട്ടുണ്ട്.