കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ തടങ്കലിലായത്.
മേപ്പാടി: വയനാട്ടില് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള് ബന്ദികളാക്കിയ സാഹചര്യത്തില് പൊലീസും തണ്ടര്ബോള്ട്ട് സംഘവും തെരച്ചില് തുടങ്ങി. 35 അംഗ തണ്ടര്ബോള്ട്ട് സംഘം രാവിലെ മേപ്പാടിയിലെത്തി. ബന്ധികളാക്കിയിരുന്ന് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും രക്ഷപെട്ടിരുന്നു. ബന്ധികളില് ശേഷിച്ചിരുന്ന ബംഗാള് സ്വദേശി അലാവുദ്ദീന് ഇന്നലെ രാത്രിയാണ് രക്ഷപെട്ടത്.
കള്ളാടിയിലെ തൊള്ളായിരം എമറാള്ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ തടങ്കലിലായത്. നേരത്തെ രണ്ട് തൊഴിലാളികള് ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. എസ്റ്റേറ്റ് അധികൃതര് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരംഒരു സ്ത്രീ ഉള്പ്പെട്ട നാലംഗ സംഘമാണ് തൊഴിലാളികളെ ബന്ധികളാക്കിയതെന്നാണ് രക്ഷപ്പെട്ടെത്തിയ ഒരു തൊഴിലാളി പൊലീസിന് മൊഴി നല്കിയത്. മൂന്ന് തൊഴിലാളികളെയും പൊലീസ് ക്യാമ്പില് കൊണ്ടുപോയി വിശദവിവരങ്ങള് ചോദിച്ചറിയുകയാണ്. ഇവര് നല്കുന്ന മൊഴികളിലും വൈരുദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ വനത്തിലുള്ളത് മാവോയിസ്റ്റുകളാണോ മറ്റേതെങ്കിലും സംഘമാണോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.
ഇന്നലെ രാത്രി ഇവരെ തട്ടിക്കൊണ്ടുപോയതായ വിവരം ലഭിച്ചെങ്കിലും ഏതെങ്കിലും തരത്തിലുള്ള കെണിയോ തിരിച്ചടിക്കാനുള്ള ശ്രമങ്ങളോ ആണോയെന്ന സംശയത്തെ തുടര്ന്ന് പൊലീസ് തെരച്ചില് നടത്തിയിരുന്നില്ല. ഇന്ന് രാവിലെ തെരച്ചില് തുടങ്ങാനിരിക്കെ രാത്രിയോടെ തന്നെ മൂന്ന് പേരും രക്ഷപെട്ട് തിരിച്ചെത്തുകയും ചെയ്തു. എന്നാല് രാവിലെ തന്നെ വനമേഖലകളില് ഇപ്പോള് പൊലീസും തണ്ടര്ബോള്ട്ടും വ്യാപക തെരച്ചില് ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ തെരച്ചിലിന് സമാന്തരമായി കോഴിക്കോട് ആനക്കാംപൊയില് മേഖലയിലും മാവോയിസ്റ്റുകള്ക്കായി തെരച്ചില് തുടങ്ങി.
