ആലപ്പുഴ: ആലപ്പുഴ നൂറനാട്, പൊലീസ് വാഹനത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ മോഷണക്കേസ് പ്രതി മരിച്ചു.നൂറനാട് പുലിമേല്‍ സ്വദേശി രജുവാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. നൂറനാടിന് സമീപം ആറ്റുവായിലുള്ള മോഹനന്‍ പിള്ളയുടെ വീട്ടില്‍ മോഷ്‌ടിക്കാന്‍ കയറിയതായിരുന്നു രജു. രാവിലെ 5 മണിയോടെ പശുവിനെ കറക്കാന്‍ മോഹനന്‍ പിള്ളയുടെ ഭാര്യ പുറത്തിറങ്ങുമ്പോള്‍ മാല മോഷ്‌ടിക്കുകയായിരുന്നു ലക്ഷ്യം.

രജുവിനെ കണ്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ ഓടിക്കൂടി. നാട്ടുകാര്‍ ഇയാളെ മര്‍ദ്ധിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രജുവിനെ നൂറനാട് പൊലീസിന് കൈമാറിയത്. പ്രതി അവശനിലയിലാണെന്ന് മനസിലാക്കായ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.ഇതിനിടെയാണ് സമീപത്തിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷം രജു ഓടുന്ന ജീപ്പില്‍ നിന്ന് എടുത്ത് ചാടിയത്.

ഗുരുതരമായി പരുക്കേറ്റ രജുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് രജു മരിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും പൂണെയിലുമായി ക്ഷേത്ര മോഷണം ഉള്‍പ്പടെ നിരവധ കേസുകളില്‍ രജു പ്രതിയാണ്. വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.