എല്ലാം ശരിയക്കാനെത്തിയ സര്‍ക്കാറിന്‍റെ പ്രതിച്ഛായ 'ശരിയാക്കിയത്' പെലീസ് അതിക്രമങ്ങള്‍

തിരുവനനന്തപുരം: പൊലീസ് അതിക്രമവും പൊലീസ് അടിക്കടി വരുത്തിയ ഗുരുതര വീഴ്ചകളുമാണ് രണ്ടാം വര്‍ഷത്തിൽ പിണറായി സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിച്ചത്. വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. എടപ്പാള്‍ പീഡന പരാതി മുക്കിയതോടെ പൊലീസ് വേട്ടക്കാരനൊപ്പമെന്ന ദുഷ് പേരുമുണ്ടാക്കി

വരാപ്പുഴ. നിരപരാധിയെ പിടിച്ചു കൊണ്ടു പോകുന്നു. കസ്റ്റഡിയിൽ തല്ലിക്കൊന്നു. കുറ്റം മറയ്ക്കാൻ വ്യാജ മൊഴികളും തെളിവുകളുമുണ്ടാക്കുന്നു. കാക്കിക്കുള്ളിലെ ക്രിമനിലസം കേരള പൊലീസിന് തീരാകളങ്കമായി. പൊലീസ് പ്രവര്‍ത്തിച്ചത് ഭരണകക്ഷിയുടെ നിര്‍ദേശപ്രകാരമെന്ന ആരോപണം സര്‍ക്കാരിനെ സംശയത്തിന്‍റെ നിഴലിലാക്കി.

കുട്ടികള്‍ക്കെതിരൊയ അതിക്രമത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കേണ്ട കേരള പൊലീസ് അതിലും വീഴ്ച വരുത്തി.എടപ്പാളിലെ പോക്സോ പരാതി മുക്കിയ എസ്.ഐ കേസിൽ പ്രതിയായി. ഇതുള്‍പ്പെടെ അന്വേഷണത്തിലും നടപടികളും വീഴ്ച വരുത്തിയ എഎസ്ഐമുതൽ സിഐനരെയുള്ള 14 ഉദ്യോഗസ്ഥരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ സസ്പെന്‍ഷനിലായി. 

കാണാതായ വിദേശ വനിതയെ കണ്ടെത്താനുള്ള അന്വേഷണത്തിലും വീഴ്ച വരുത്തി. കാഞ്ഞിരപ്പള്ളിയിലെ ജസ്നനയെ കാണാതായ കേസിലും ഇരുട്ടിൽ തപ്പുന്നു. പിണറായി ബെഹ്റ ടീമിനെ തൊട്ടതെല്ലാം പിഴയ്ക്കുന്ന സ്ഥിതി. പൊലീസ് നിയമനങ്ങള്‍ പാര്‍ട്ടി ഇച്ഛിക്കും പോലെയായതോടെ ക്രമവും സമാധാനവും ഇല്ലാതെയായി. പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണവും മറുവശത്ത്. 

പൊലീസ് അസോസേഷനിലെ രാഷ്ട്രീ വല്‍ക്കരണം സേനയുടെ അച്ചടക്കത്തെ പൊളിച്ചടുക്കി. പൊലീസ് ഘടനതന്നെ മാറ്റാനുള്ള നീക്കം തലപ്പത്ത് അതൃപ്തിക്കും വഴി വച്ചു. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് അറുതിയില്ല. പിണറായി ആഭ്യന്തരം ഒഴിയണമെന്ന ആവശ്യം മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്പോള്‍ പ്രതിപക്ഷം ശക്തമാക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ പുറത്തുവന്നത് പൊലീസിനെതിരായ ആരോപണങ്ങളുടെ പരമ്പര തന്നെയായിരുന്നു. ആരോപണങ്ങള്‍ മറച്ചുവയ്ക്കാന്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ വരെ പ്രതിസ്ഥാനത്ത് വരുന്നത് സര്‍ക്കാറിന് തിരിച്ചടിയായി.