തൃശൂരിൽ ഭിന്നലിംഗക്കാരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. വീഴ്ച പറ്റിയെന്ന് തൃശൂർ അസിസ്റ്റന്‍റ് കമ്മീഷണർ ഐജിക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് ഭിന്നലിംഗക്കാരെ കെഎസ്ആർടിസി ബസ്റ്റാന്‍റിനടുത്ത് വച്ച് പൊലീസ് മർദ്ദിച്ചത്. രാഗരഞ്ജിനി,അലീന,ദീപ്തി എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവം വിവാദമായതോടെ ഐജി എംആർ അജിത്കുമാർ ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.സംഭവം അന്വേഷിച്ച് രാത്രിയോടെ തൃശൂർ അസിസ്റ്റന്‍റ് കമ്മീഷണർ പി വാഹിദ് ഐജിക്ക് റിപ്പോർട്ട് നൽകി.

പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പൊലീസിനെ കുറ്റപ്പെടുത്തി സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇവർക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.