കാസര്‍കോട്: വാഹന പരിശോധനക്കിടെ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ആര്‍.സി ബുക്കില്ലാതെ വാഹനമോടിച്ചതിന് തലയ്ക്കിടിച്ച് പരിക്കേല്‍പിച്ചെന്നാണ് ആരോപണം. തലയ്ക്ക് മുറിവേറ്റ കാസര്‍കോട് ചെര്‍ളടുക്ക സ്വദേശി സിറാജുദ്ദീനെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. 

കാസര്‍കോട് അംഗടിമുഗറില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. സിറാജുദ്ദീനും കുടുംബവും മണിയംപാറയിലെ മരണവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ 9.50 നാണ് സംഭവം. കാസര്‍കോട്ടേക്ക് വരുന്നതിനിടെ അംഗഡിമുഗള്‍ സ്‌കൂളിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കാര്‍ തടയുകയായിരുന്നു. കുമ്പളെ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അഡീഷണല്‍ എസ്‌ഐ ശിവദാസനാണ് സിറാജിനെ മര്‍ദ്ദിച്ചത്. 

തലയ്ക്ക് പരിക്കേറ്റ സിറാജുദ്ധീന്‍ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം കണ്ട് മോഹല്യാസപ്പെട്ട് വീണ മുത്തശ്ശി ആലിമ (90)യേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഇവരെ കൂടാതെ പിതാവ് അബ്ദുള്ള (70), ഖദീജ (60) എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ വാഹന പരിശോധനക്കിടെ കയര്‍ത്ത് സംസാരിച്ച സിറാജുദ്ധീന്‍ സ്വയം വാഹനത്തിലിടിച്ച് പരിക്കേല്‍പിച്ചതാണെന്നാണ് കുമ്പള പോലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് സിറാജുദ്ദീന്‍. സംഭവത്തില്‍ സിറാജുദ്ധീന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.