ഓണ്‍ലൈന്‍ ക്വട്ടേഷന്‍ വഴി അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസ് നേതാവിന്‍റെ പരാതി ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ കേസെടുത്തു

തൃശൂര്‍: ഓണ്‍ലൈന്‍ ക്വട്ടേഷന്‍ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവതത്തില്‍ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗം ജോണ്‍ ഡാനിന്റെ പരാതിയില്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉടമ സിബി സെബാസ്റ്റ്യനെതിരേ പൊലീസ് കേസെടുത്തു. അഴിമതിക്കേസില്‍ ജോണ്‍ ഡാനിയേല്‍ അറസ്റ്റിലായെന്നും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയെന്നും നവമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. 

നിരവധി സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേരളം മുഴുവന്‍ കേസുകളുണ്ടെന്നും നവമാധ്യമങ്ങളില്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയുണ്ടായി. പരാതിയെത്തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ പ്രാഥിക അന്വേഷണത്തിന് ശേഷമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോണ്‍ ഡാനിയേലിന് എതിരെ ഇതുവരെ ഒരു തട്ടിപ്പുക്കേസുകളുമില്ലെന്ന് തൃശൂര്‍ പൊലീസ് അറിയിച്ചു. 
ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ച്ചയായ അപവാദ പ്രചരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. 

ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉടമ സിബിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. പരാതിക്കാരനായ ജോണിനെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തി ഭീഷണിപ്പെടുത്തുക എന്ന ഉദ്യേശത്തോടെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നതിനാണ് കേസെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് ബന്ധമുള്ള പ്രവാസിയുടെ ഫേസ് ബുക്ക് പേജില്‍ നിന്നാണ് ആദ്യമായി ജോണിനെതിരെ ആക്ഷോപകരമായ പ്രചാരണം തുടങ്ങിയത്. ഇത് പരസ്പരം കൊമ്പുകോര്‍ക്കലിലും കലാശിച്ചു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ഗ്രൂപ്പ് പോരും കുടിപ്പകയുമാണെന്നാണ് സൂചന. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ്, മുന്‍ കെപിസിസി അംഗം, യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികളുള്ള യുവനേതാവാണ് ജോണ്‍ ഡാനിയേല്‍.